ഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗാന്ധി എന്നത് കുടുംബ പേരായി തട്ടിയെടുത്ത് അഴിമതി നടത്തുന്നവരാണ് രാഹുലും കുടുംബവുമെന്ന് ഹിമന്ത ബിശ്വ ശർമ്മ തുറന്നടിച്ചു. ആദ്യം ഗാന്ധി എന്ന് പേര് കട്ടെടുത്തു, ഇപ്പോൾ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നൽകിയിരിക്കുന്നു. ഇന്ത്യയ്‌ക്ക് മഹത്വം ഉണ്ടാക്കുന്ന ഒന്നും രാഹുൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
‘ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു. പിന്നെ നിങ്ങൾ ഗാന്ധി കുടുംബപ്പേര് തട്ടിയെടുത്ത് ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരായി. ഇന്ത്യയിലെ ആദ്യത്തെ അഴിമതി ഈ ‘പേര്’ ആണ്. പ്രതിപക്ഷ സഖ്യത്തെ പിടിച്ച് ഇന്ത്യയാക്കാൻ ഇപ്പോൾ ശ്രമിക്കുകയാണ്. നാളെ ഒരു കൊള്ളക്കാരൻ ഗാന്ധി എന്ന് പേര് ഇട്ടാൽ അയാൾ സാധു ആകുമോ? ഇന്ദിരയും രാഹുലും രാജീവും പ്രിയങ്കയുമെല്ലാം ഏത് സൂത്രവാക്യത്തിലാണ് ഗാന്ധിയായത്’.
‘ഇന്ത്യയ്‌ക്ക് മഹത്വം കൊണ്ടുവരുന്ന ഒന്നും കോൺഗ്രസ് ചെയ്തിട്ടില്ല. ഇന്ത്യ എന്ന പേര് നിങ്ങൾ തിരഞ്ഞെടുത്തത് തന്നെ പാപമാണ്. ‘ഇന്ത്യ’ എന്ന പേര് എടുക്കാൻ നിങ്ങൾക്ക് അവകാശമില്ല. ‘ഭാരത്’ എന്ന പേര് ഇനി നിങ്ങൾ എടുക്കുമോ. എനിക്ക് ഒരു വിനീതമായ അഭ്യർത്ഥനയുണ്ട്. ‘ഗാന്ധി’ എന്ന പേരെങ്കിലും രാഹുൽ ഉപേക്ഷിക്കണം. അതും ഡ്യൂപ്ലിക്കേറ്റ് തലക്കെട്ടാണ്’- ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
















Comments