പാലക്കാട്; വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റിയെന്ന് സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവ് ഇറക്കി. നേരത്തെ അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.
വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സിബിഐ സംഘത്തിൽ അഴിച്ചുപണി നടന്നിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള എസ്പി, ഡിവൈഎസ്പി എന്നിവരെ ഉൾപ്പെടെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ സംഘം അട്ടപ്പളളത്തെ വീട്ടിലെത്തി പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. ശാസ്ത്രീയ തെളിവുകളുടെ അഭാവവും സാക്ഷികൾ ഇല്ലാത്തതും ഉൾപ്പെടെ അന്വേഷണ സംഘത്തിന് വെല്ലുവിളിയാവുന്നുണ്ട്. എങ്കിലും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി നിർണ്ണായക കണ്ടെത്തലിന് കഴിയുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.
കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്ത് പുതിയ സംഘത്തിന്റെ പക്കലുളള വിവരങ്ങൾ കൂടി ചേർത്താവും സംഘം കുറ്റപത്രം സമർപ്പിക്കുക. അതേസമയം കേസിലെ നാല് പ്രതികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന സിബിഐ ആവശ്യത്തിൽ പ്രതികൾ പാലക്കാട് സ്പെഷ്യൽ പോക്സോ കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ കോടതി എന്ത് നടപടി സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
















Comments