കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. എറിയാനെത്തിയവരെല്ലാം കണക്കിന് വാങ്ങിക്കൂട്ടി. 357 റണ്‍സാണ് പാകിസ്താന് മുന്നലില്‍ ഇന്ത്യയുയര്‍ത്തിയ വിജയലക്ഷ്യം
പതിവ് ഫോമിലായ കോഹ്ലിയും പരിക്ക് മാറി സ്വതസിദ്ധശൈലിയില്‍ ബാറ്റ് വീശിയ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ശരവേഗത്തില്‍ ചലിപ്പിക്കുകയായിരുന്നു. 96 പന്തില്‍ 122 റണ്‍സുമായി കോഹ്ലിയും 106 പന്തില്‍ 111 റണ്‍സുമായി രാഹുലും പുറത്താകാതെ നിന്നു. 9 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ 12 ഫോറും രണ്ടു സിക്‌സും പറത്തി.
മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയ്‌ക്കും. 30 ഓവറിന് ശേഷമാണ് ഇരുവരും സ്‌കോറിംഗിന് വേഗം കൂട്ടിയത്. 40 ഓവറില്‍ 250 കടന്ന അടുത്ത അഞ്ചോവറില്‍ 300 കടന്നു. 60 പന്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ രാഹുല്‍ അടുത്ത 40 പന്തില്‍ അമ്പത് റണ്‍സ്‌കൂടി നേടി മടങ്ങിവരവിലെ സെഞ്ച്വറി നേട്ടം ആഘോഷിക്കുകയായിരുന്നു.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ കോഹ്ലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത് 55 പന്തിലാണെങ്കില്‍ 84 പന്തില്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 13,000 റണ്‍സെന്ന റെക്കോര്‍ഡ് നേട്ടത്തിലും കൈയെത്തിപ്പിടിച്ചു. കരിയറിലെ 47-ാം ഏകദിന സെഞ്ച്വറിയായിരുന്നു താരത്തിന്റേത്.
ഷഹീന്‍ ഷാ അഫ്രീദിയാണ് തല്ലുവാങ്ങിയവരില്‍ മുന്‍പന്തിയില്‍. പത്തോവറില്‍ 79 റണ്‍സാണ് പാകിസ്താന്റെ മുന്‍നിര ബൗറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത് തൊട്ടുപിന്നാലെ ഷദാബ് ഖാനെയും ഇന്ത്യന്‍ താരങ്ങള്‍ പഞ്ഞിക്കിട്ടു. പത്തോവറില്‍ 71 റണ്‍സാണ് താരം വിട്ടുനല്‍കിയത്.
Comments