നമ്മുടെ പ്രപഞ്ചത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ പതിവായി പുറത്തുവിടുന്ന ബഹിരാകാശ ഏജൻസിയാണ് നാസ. അതിശയിപ്പിക്കുന്ന ബഹിരാകാശ ദൃശ്യങ്ങൾ നാസ തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന്റെ നിഗൂഢതകൾ വെളിപ്പെടുത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ നിധി ശേഖരം കൂടിയാണ് നാസയുടെ ഇൻസ്റ്റഗ്രാം പേജ് എന്ന് വിശേഷിപ്പിക്കാം. ഏറ്റവും ഒടുവിലായി പിൻവീൽ ഗാലക്സിയുടെ അതിമനോഹരമായ ചിത്രമാണ് നാസ ലോകത്തിനായി പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
നാം ആകാശഗംഗയെന്ന് വിളിക്കുന്ന ക്ഷീരപഥത്തേക്കാൾ 70% വലിപ്പമുള്ള താരസമൂഹമാണ് ‘പിൻവീൽ ഗാലക്‌സി’. നാസയുടെ നാല് ബഹിരാകാശ ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ചാണ് പിൻവീൽ ഗാലക്‌സിയുടെ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.
സൂര്യനും ഭൂമിയും മറ്റ് ഗ്രഹങ്ങളുമെല്ലാം അടങ്ങുന്ന ക്ഷീരപഥത്തേക്കാൾ ഭീമനായ പിൻവീൽ ഗാലക്സിക്ക് 1,70,000 പ്രകാശവർഷം വ്യാസമുണ്ടെന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയിൽ നിന്ന് 21 ദശലക്ഷം പ്രകാശവർഷം അകലെ ബിഗ് ഡിപ്പർ എന്ന് അറിയപ്പെടുന്ന ഉർസ മേജർ നക്ഷത്രസമൂഹത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ‘ഗാലക്‌റ്റിക് സ്‌പെക്‌ട്രം’ എന്ന് നാസ ഇതിനെ വിശേഷിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പിൻവീൽ ഗ്യാലക്സിയുടെ ചിത്രത്തിൽ മഞ്ഞ, ചുവപ്പ്, നീല, പർപ്പിൾ എന്നീ നിറത്തിലുള്ള നക്ഷത്രങ്ങളെ കാണാം. സ്പൈറലിന്റെ ആകൃതിയിലാണ് ഇവയുള്ളത്. ഹബിൾ, ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി, സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്, ഗാലക്സി എവല്യൂഷൻ എക്സ്പ്ലോറർ എന്നീ നാല് ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ വിവരങ്ങൾ സംയോജിപ്പിച്ചാണ് ഈ മനോഹരമായ ദൃശ്യം നാസ തയ്യാറാക്കിയിരിക്കുന്നത്.
Comments