ന്യൂഡൽഹി: ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയായിരുന്നു ജി20 ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിച്ചത്. അദ്ധ്യക്ഷത പദവിയെന്ന വലിയ ചുമതല കൃത്യതയോടെ മനോഹരമായി നിർവഹിച്ച ഇന്ത്യയെ വിവിധ രാഷ്‌ട്രത്തലവന്മാർ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നിരവധി ലോകനേതാക്കളാണ് രംഗത്തെത്തിയത്. ഇതിനിടെ ഇന്ത്യയുടെ അദ്ധ്യക്ഷപദവിയെ അപാമാനിച്ചുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
ജി20 ഉച്ചകോടിയിലൂടെ ആളുകൾക്ക് എന്ത് നേട്ടമാണ് കൈവരിക്കാൻ കഴിയുകയെന്നായിരുന്നു ആർജെഡി അദ്ധ്യക്ഷന്റെ ചോദ്യം. കുറെയാളുകളെ ക്ഷണിച്ചു, വലിയ തുക ചിലവഴിച്ചു, എന്നിട്ട് എന്തുപകാരമാണുള്ളത്? ആളുകൾക്ക് എന്തുഗുണമാണ് ഇതിൽ നിന്നും ലഭിക്കുക? ഇതായിരുന്നു ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. ഇന്ത്യയുടെ കരുത്തും കഴിവും വീണ്ടും ഊട്ടിയുറപ്പിക്കപ്പെട്ട ജി-20 അദ്ധ്യക്ഷപദവി വിജയകരമാക്കിയത് ഭാരതത്തിന്റെ നയതന്ത്രവിജയമാണെന്ന് പ്രതിപക്ഷ നേതാക്കൾ പോലും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് ആർജെഡി നേതാവിന്റെ വിവാദ പരാമർശം.
ലാലു പ്രസാദ് യാദവ് ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷപദവിയെ അപമാനിച്ചതോടെ വൻ വിമർശനവും ഉയരുകയാണ്. എന്താണ് ജി-20യെന്ന് പോലും മനസിലാക്കാൻ കഴിയാത്തതാണ് ആർജെഡി നേതാവിന്റെ അടിസ്ഥാന പ്രശ്നമെന്ന് സോഷ്യൽ മീഡിയയിലൂടെ രാഷ്‌ട്രീയ നിരീക്ഷകർ പ്രതികരിച്ചു.
ജി-20യുടെ 18-ാമത് ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷപദവി അലങ്കരിച്ചതിന് പിന്നാലെ ഞായറാഴ്ചയോടെയായിരുന്നു ഉച്ചകോടി പര്യവസാനിച്ചത്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷപദവി കൈമാറുകയും ചെയ്തിരുന്നു. 2022ലെ ഉച്ചകോടി ഇന്തോനേഷ്യയിലെ ബാലിയിൽ വച്ചായിരുന്നു നടന്നിരുന്നത്.
Comments