മാധവ് ജി ഇരുപതാം നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ ഹിന്ദു ദാർശനികനാണ്. 1926 മെയ് 31നാണ് അദ്ദേഹം കോഴിക്കോട് ചാലപ്പുറം പാലക്കൽ തറവാട്ടിൽ ജനിക്കുന്നത്. സാമൂതിരി കോവിലകത്തെ അഡ്വക്കേറ്റ് മാനവിക്രമരാജയുടെയും പാലക്കൽ സാവിത്രി എന്ന അമ്മു അമ്മയുടെയും മകനാണ് അദ്ദേഹം.
1921 ലെ ലഹളാനന്തരമുള്ള ഒരു സാമൂഹ്യ സാഹചര്യത്തിലാണ് മാധവജി ജനിക്കുന്നത്. 1942 രാഷ്‌ട്രീയ സ്വയംസേവ സംഘത്തിന്റെ കേരളീയപ്രവേശം മാന്യദത്തോപാന്ത് ഠേoഗ്‌ഡ് ജിയിലൂടെ സാധ്യമാവുകയും, തുടർന്ന് ശ്രീ പി മാധവൻ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മദ്രാസിലുള്ള പഠനവും ഗുരുജിയുമായുള്ള കൂടിക്കാഴ്ചയും സംഘപ്രചാരക ജീവിതത്തിലേക്ക് ഉയർത്തപ്പെട്ടു. തുടർന്നുള്ള മാധവജിയുടെ ജീവിതം എന്നത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളീയ പ്രാന്തത്തിന്റെ ചരിത്രമായി മാറി. 1948ലെ സംഘനിരോധനത്തെ അദ്ദേഹം അഭിമുഖീകരിച്ചു. 1924 മുതൽ കേരളത്തിൽ നടന്ന ഹിന്ദു നവോത്ഥാന പ്രക്രിയയുടെ ഗാന്ധിയൻ സാന്നിധ്യത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ന്യൂനതകളെക്കുറിച്ചും കൃത്യമായി പഠിച്ച മാധവ്ജി സംഘവിചാരമാതൃകയിൽ നിന്നുകൊണ്ട് ഹിന്ദു നവോത്ഥാന പ്രക്രിയയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. ഹിന്ദു മഹാമണ്ഡലത്തിന്റെ പ്രവർത്തനകാലത്ത് അദ്ദേഹം ഒരു എളിയ വാളണ്ടിയർ ആയി പ്രവർത്തിക്കുകയും ആ സമ്മേളനത്തിന്റെ സാധ്യതകളും അതിന്റെ തുടർച്ചയില്ലായ്മയും അവധാനപൂർവ്വം നോക്കിക്കാണുകയും ചെയ്തു. അത്രമേൽ ഗൃഹപാഠം ചെയ്ത മാധവജി, ഹിന്ദു നവോത്ഥാന പ്രക്രിയയുടെ സംഘമുഖം തുറന്നു വെച്ചു.
കണ്ണൂരിൽ സംഘപ്രചാരകൻ ആയിരിക്കെ അദ്ദേഹം ശ്രീവിദ്യാ സമ്പ്രദായത്തിൽ പള്ളത്ത് നമ്പൂതിരിപ്പാടിൽ നിന്ന് ദീക്ഷ സ്വീകരിച്ചു. അദ്ദേഹത്തിന്റെ വൈയക്തിക – സാമൂഹ്യ ജീവിതത്തെ മാറ്റിമറിച്ച ഒരു ഘട്ടമായിരുന്നു അത്. രാഷ്‌ട്രം ഒരു ദേവ ശരീരം ആണെന്നും, ഷഢാധാര ബദ്ധിതമായ ആ ശരീരത്തിന്റെ കുണ്ഡലിനി ശക്തി ഉറങ്ങിക്കിടക്കുന്നത് കന്യാകുമാരിയിൽ ആണെന്നും, കുണ്ഡലിനിയുടെ ഉത്ഥാപനം കൊണ്ട് മാത്രമേ രാഷ്‌ട്രം പരമവൈഭവത്തെ പ്രാപിക്കൂ എന്നും തിരിച്ചറിഞ്ഞ സംഘം കന്യാകുമാരി വിവേകാനന്ദപ്പാറ നിർമ്മാണത്തിന് മുൻകൈയെടുത്തു. കന്യാകുമാരി ക്ഷേത്രം, അതിലെ പാറ എന്നിവ കൈവിട്ടു പോയ സമയത്ത് അത് തിരിച്ചു പിടിക്കുവാൻ സ്വയംസേവകരെ കോഴിക്കോടു നിന്ന് കൊണ്ടുപോയി അവിടം വീണ്ടെടുത്ത് കന്യാകുമാരി പ്രതിഷ്ഠയും വിവേകാനന്ദ കേന്ദ്രത്തിന്റെ നിർമ്മാണവും പൂർത്തീകരിക്കുന്നതിന് ഏകനാഥ് റാനെഡെയോടൊപ്പം മാധവജി തോളോട് തോൾ ചേർന്നു നിന്നു. 1967ലെ അങ്ങാടിപ്പുറം തളി സമരപരമ്പരയ്‌ക്ക് മാധവജി സൂത്രധാരനും പ്രേരണയുമായി. ക്ഷേത്ര കേന്ദ്രിതമായ ഹിന്ദു സാമൂഹ്യവ്യവസ്ഥയെ കുറിച്ച് പഠിച്ച മാധവജി, തകർന്നുപോയ ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുകയും അതുവഴി ദുർബലമായ ഹിന്ദു സാമൂഹ്യഘടനയെ ശക്തിപ്പെടുത്തുവാനും കഴിയുമെന്ന് തിരിച്ചറിഞ്ഞു, അതിനായുള്ള പദ്ധതികൾ തയ്യാറാക്കി, പ്രവർത്തിച്ചു, വിജയിച്ചു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ലോക സംഘർഷ സമിതി എന്ന പേരിൽ സംഘം ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായുള്ള സമരപരമ്പര ആരംഭിച്ചു. കോൺഗ്രസ് ഇതര സംഘടനകളെ കോർത്തിണക്കി കൊണ്ടുള്ള ആ സമരപരമ്പരയുടെ കേരളീയ ഘടകത്തിന്റെ ചുക്കാൻ പിടിച്ചത് മാധവജി ആയിരുന്നു. ഒളിവിൽ ഇരുന്നുകൊണ്ട് അദ്ദേഹം 20 മാസം നീണ്ടു നിന്ന അടിയന്തരാവസ്ഥവിരുദ്ധ സമരപരമ്പരയെ നിയന്ത്രിച്ചു. ഇങ്ങനെ ഒട്ടനവധി ഐതിഹാസികമായ സമരപരമ്പരകൾ, പ്രവർത്തനങ്ങൾ അദ്ദേഹം നടപ്പിലാക്കി.
ശ്രീവിദ്യാ ഉപാസകനായിരുന്ന ശ്രീ മാധവ്ജി തകർന്നുപോയ ഹിന്ദുസാധനാ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തന്റെ ജീവിത യാത്രയിൽശ്രദ്ധിച്ചു. അദ്ദേഹം സാധകരേയും ഗുരുക്കന്മാരേയും ആചാര്യന്മാരെയും കോർത്തിണക്കിക്കൊണ്ട് തങ്ങളുടെ പരമ്പരാഗതമായ ആധ്യാത്മിക സാധനയെ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാനും ജാതിലിംഗ ഭേദമെന്യേ അത് പ്രചരിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. തന്ത്രവിദ്യാപീഠത്തിന്റെ സ്ഥാപകന്മാരിൽ ഒരാളായ അദ്ദേഹം, താന്ത്രിക സാധനയുടെ അന്തരാളങ്ങളെ ഹിന്ദു സമൂഹത്തിനു മുമ്പാകെ അനാവരണം ചെയ്തു. ഹിന്ദു മഹാ മണ്ഡലത്തിന്റെ ജയപരാജയങ്ങളെ പഠിച്ച അദ്ദേഹം 1982 ൽ വിശാലഹിന്ദു സമ്മേളനത്തിന് നേതൃത്വം നൽകി. പുരോഹിത വർഗ്ഗത്തിന്റെ വിശ്വാസ്യത നേടിയ അദ്ദേഹം, കർമ്മം കൊണ്ട് ഒരു മനുഷ്യന് ബ്രാഹ്മണൻ ആകാം എന്ന തത്വത്തെ അംഗീകരിപ്പിക്കുകയും ശ്രീ കോവിലിനുള്ളിൽ അടക്കം കർമ്മം കൊണ്ട് ബ്രാഹ്മണ്യം നേടിയവർക്ക് കടക്കാം എന്ന ആശയത്തെ അംഗീകരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1987 ലാണ് പ്രസിദ്ധമായ പാലിയം വിളംബരം നടന്നത്.
ക്ഷേത്രചൈതന്യരഹസ്യം എന്ന പുസ്തകം ഏത് ക്ഷേത്ര സംബന്ധമായ വ്യവഹാരങ്ങൾക്കും പരിഹാരത്തിനു അന്വേഷിക്കുന്ന റഫൽ ഗ്രന്ഥമാണ്. ക്ഷേത്രസംബന്ധവും താന്ത്രികവുമായ വിഷയങ്ങൾ മാത്രമല്ല ജ്യോതിഷം തത്വശാസ്ത്രം സാഹിത്യം ഭാഷാ ശാസ്ത്രം ചരിത്രം രസതന്ത്രം രാഷ്‌ട്രതന്ത്രം സംസ്കാര പഠനം എന്നീ മേഖലകളിലെല്ലാം മാധവജി ദേശീയതയിൽ ഊന്നിയ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാരത ദേശീയതയ്‌ക്ക് കേരളീയ ഭാഷ്യം ചമച്ച ഒരു വിദ്വൽകേസരി തന്നെയാണ് മാധവജി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ ക്ഷേത്രങ്ങളായ കേസരി,ബാലഗോകുലം, തപസ്യ, ഭാരതീയ വിചാര കേന്ദ്രം, ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു മുന്നണി എന്നിവയുടെ എല്ലാം സ്ഥാപക ചിന്ത മാധവജിയുടെതായിരുന്നു. പ്രഗതി എന്ന ത്രൈമാസിക മാധവജിയുടെ ആശയം ആയിരുന്നു.ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ആധുനിക ശാസ്ത്രത്തെക്കാൾ വികാസം ഉണ്ടെന്ന് യുക്തിയുക്തം സമർത്ഥിച്ച ധിഷണാ ശാലിയായിരുന്നു മാധവ്ജി.രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ദ്വിതീയ സർ സംഘ ചാലക് പൂജനീയ ഗുരുജി ഗോൾവാൾക്കർ എഴുതിയ വിചാരധാരയുടെ മലയാള വിവർത്തനം നിര്വ്വഹിച്ചത് മാധവ് ജിയാണ്.
1988 സെപ്റ്റംബർ 12ന് തന്റെ അറുപത്തിരണ്ടാമത്തെ വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
============
എഴുതിയത്
ഡോ. ദീപേഷ് വി.കെ.
ചീഫ് എഡിറ്റർ’കരുവറ’ സാംസ്കാരിക ഗവേഷണ ജേർണൽ
എഡിറ്റർ- 1921 പാഠവും പൊരുളും(ജന്മഭൂമി ബുക്സ് ).
ഫോക് ലോർ വീക്ഷണങ്ങൾ ( K B T ).വേട്ടയ്‌ക്കൊരുമകൻ – വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും (ബാലുശ്ശേരി കോട്ട ദേവസ്വം) മാധവ കേരളസുധ, പി. വാസുദേവൻ – നവതിയുടെ നിറവിൽ, വിശ്വേട്ടനോട് ചോദിക്കാം (എഡി.)( ശ്രേഷ്ഠാചാരസഭബുക്സ് ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments