തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ചക്രവാതച്ചുഴികളാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായാണ് ചക്രവാതച്ചുഴി ഉള്ളത്. ഇതിന് പുറമേ മദ്ധ്യ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
വരുന്ന 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് വീണ്ടും ശക്തി പ്രാപിച്ച് പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യതയുള്ളത്.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കാണ് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മ്യാൻമാർ തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments