ശ്രീനഗർ: ഇന്ന് സർക്കാർ പദ്ധതികൾ കൃത്യ സമയത്ത് പൂർത്തിയാക്കപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് സാധാരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ സിമ്പോസിയത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘അതിർത്തി വികസന പദ്ധതികൾ കൃത്യ സമയത്ത് പൂർത്തിയാക്കുന്നതിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ പങ്ക് സുപ്രധാനമാണ്. കഠിന പ്രയത്‌നത്തിലൂടെയാണ് അവർ അത് നേടിയെടുക്കുന്നത്. ഒരു പ്രധാനപ്പെട്ട പദ്ധതി ആരംഭിക്കുകയും കൃത്യസമയത്ത് അവ പൂർത്തിയാക്കുകയും ചെയ്യുക എന്നത് പുതിയ ഇന്ത്യയുടെ മാറ്റമായാണ് ജനങ്ങൾ മനസിലാക്കുന്നത്. 2,941 കോടി രൂപ ചിലവിൽ 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ ഇന്ന് പൂർത്തിയാക്കിയിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.
‘റോഡുകൾ നിർമ്മിച്ച് ഒരു സ്ഥലത്തെ മറ്റൊരിടത്തേക്ക് ബന്ധിപ്പിക്കുക മാത്രമല്ല, രണ്ട് ഭാഗത്തെയും ജനങ്ങളെ കൂടി ഒന്നിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന എല്ലാ പദ്ധതിയിലും ബിആർഒ ഒരു സ്ഥാപനമെന്ന നിലയിൽ തദ്ദേശസ്ഥാപനങ്ങളുമായും ജനങ്ങളുമായും തുടർച്ചയായി പ്രവർത്തിക്കണം. അവരെ ബിആർഒ ഉദ്യോഗസ്ഥർ നിങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും അവരുടെ നടപടിക്രമങ്ങൾ വ്യക്തമായി ചോദിച്ചു മനസിലാക്കുകയും, അവരുടെ ആവശ്യങ്ങൾ അറിയുകയും വേണം. ഇതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും നിങ്ങളുടെ ജോലികൾ സുഗമമാകുകയും ചെയ്യും’ കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബോർഡർ റോഡ് ഓർഗനൈസേഷന്റ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിനും നോർത്ത് ടെക് സിമ്പോസിയത്തിൽ പങ്കെടുക്കാനുമായാണ് പ്രതിരോധമന്ത്രി ജമ്മുവിലെത്തിയത്. 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. 21 റോഡുകൾ, 64 പാലങ്ങൾ, തുരങ്കം, രണ്ട് എയർ സ്ട്രിപ്പുകൾ, രണ്ട് ഹെലിപ്പാഡുകൾ എന്നിവ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.
Comments