രാജ്യത്തിന്റെ ചന്ദ്രയാൻ ദൗത്യങ്ങൾ നാളിതുവരെ അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന് പകരം വെക്കാനില്ലാത്ത നേട്ടങ്ങൾ നൽകിയിട്ടുണ്ടെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ദേബിപ്രോസാദ് ദുവാരി. ഭാവിയിൽ ഭൂമിക്ക് പുറത്ത് മനുഷ്യവാസം സാദ്ധ്യമാക്കുന്നതുൾപ്പെടെയുള്ള ചാന്ദ്ര പര്യവേക്ഷണത്തിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചാന്ദ്ര ദൗത്യത്തിൽ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇവയിൽ ചന്ദ്രനിലെ താപനിലയിലുള്ള വ്യതിയാനങ്ങൾ, മഞ്ഞ്, ഇതിന് മുമ്പ് കണ്ടെത്താത്ത ധാതുക്കൾ, മൂലകങ്ങൾ എന്നിവ കണ്ടെത്തുന്നതിന് മുതൽക്കൂട്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ചാന്ദ്ര ദൗത്യങ്ങളും നമ്മുടെ രാജ്യത്തിന് മാത്രമല്ല ലോകമെമ്പാടും സമാനതകളില്ലാത്ത വിവരങ്ങളാണ് നൽകുന്നത്.
കൊൽക്കത്തയിലെ ഓഫീസിൽ നടന്ന ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യവും ഇത്തരത്തിൽ മാറ്റം സൃഷ്ടിക്കുന്ന ഒന്നാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 400 കിലോമീറ്റർ മുകളിലായി ഭ്രമണപഥത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി അയക്കാനാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments