ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ചടങ്ങിൽ വച്ചാണ് വിമാനം ഭാരതം സ്വീകരിച്ചത്. 56 വിമാനങ്ങൾക്കായുള്ള കരാറിലാണ് ഇന്ത്യൻ എയർഫോഴ്‌സ് ഒപ്പിട്ടിരുന്നത്. ഇതിൽ ആദ്യത്തെ വിമാനമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ നാഴികക്കല്ലാണ് സി-295 ട്രാൻസ്‌പോർട്ട് വിമാനമെന്ന് വി.ആർ ചൗധരി പറഞ്ഞു. 16 വിമാനങ്ങൾ സ്പെയിനിലും 40 എണ്ണം ടാറ്റയും എയർബസും സംയുക്തമായി ഗുജറാത്തിലെ വഡോദരയിലുമാണ് നിർമ്മിക്കുന്നത്.
‘ഇന്ത്യൻ വ്യോമസേനയ്‌ക്ക് മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ നാഴികക്കല്ലാണിത്. ഇങ്ങനെ പറയാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഐഎഎഫിന്റെ കഴിവുകളെ സി-295 ട്രാൻസ്‌പോർട്ട് വിമാനം മെച്ചപ്പെടുത്തും. രണ്ട്, ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണ്. ആത്മനിർഭർ ഭാരതിന് വേണ്ടി ഈ പ്ലാന്റിൽ നിന്നും ആദ്യത്തെ 16 വിമാനങ്ങൾ പുറത്തിറക്കിയ ശേഷം, 17-ാമത്തെ വിമാനം ഭാരതത്തിൽ നിർമ്മിക്കും. ഇന്ത്യൻ വ്യോമയാന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു ചുവടുവയ്പ്പാണ്. ഭാരതത്തിൽ ഞങ്ങൾ രാജ്യത്തെ ആദ്യ സൈനിക ഗതാഗത വിമാനം നിർമ്മിക്കും’- സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങിയ ശേഷം വി.ആർ ചൗധരി പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും 2021 സെപ്തംബറിലാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി 56 സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്. സി-295 മെഗാവാട്ട് വിമാനം 5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ പഴകിയ അവ്രൊ വിമാനം മാറ്റി സി-295 ഉപയോഗിക്കും. 21,935 കോടിയിലധികം രൂപയുടെ പദ്ധതിയാണിത്. കരാർ ഒപ്പിട്ട് 48 മാസത്തിനുള്ളിൽ സ്പെയിനിൽ നിന്നും 16 വിമാനങ്ങൾ ഭാരതത്തിൽ എത്തിക്കും. പത്ത് വർഷത്തിനുള്ളിൽ ടാറ്റ കൺസോർഷ്യം നാൽപത് വിമാനങ്ങൾ ഭാരതത്തിലും നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഭാരതത്തിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതി കൂടിയാണിത്.
Comments