ന്യൂഡൽഹി: ശബരിമലയിൽ അന്നദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘം സുപ്രീം കോടതിയിൽ. 2017 ലാണ് സംഘടനയ്‌ക്ക് സന്നിധാനത്തും പമ്പയിലും അന്നദാനം നടത്താനുള്ള അനുമതി ഹൈക്കോടതി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും അന്ന് ഹൈക്കോടതിയിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ അയ്യപ്പ ഭക്തരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന
അയ്യപ്പസേവാ സമാജം അന്നദാനത്തിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ നിലപാട് ആരാഞ്ഞപ്പോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. തിരുവിതാംകുർ ദേവസ്വം ബോർഡിനു മാത്രമാണ് അന്നദാനത്തിന് അധികാരമുള്ളത് എന്നാണ് ബോർഡ് അന്ന് കോടതിയിൽ വ്യക്തമാക്കിയത്.
ലക്ഷകണക്കിന് അയ്യപ്പഭക്തരെത്തുന്ന സ്ഥലത്ത് സ്വകാര്യ സംഘടനകൾക്ക് അന്നദാനത്തിനുള്ള അനുമതി നൽകുന്നത് ഭക്ഷ്യ വിഷബാധയ്‌ക്ക് ഇടയാക്കുമെന്നും അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനങ്ങളിൽ സംഘടനകൾ പങ്കാളികളായാൽ മതിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നയിക്കുന്ന ന്യായം. ഈ നിലപാട് കണക്കിലെടുത്താണ് അഖില ഭാരതീയ അയ്യപ്പസേവാസംഘത്തിന് മുൻപ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കിയത്. റിട്ട. ചിഫ് ജസ്റ്റിസായ ചിദംബരേഷാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാകുന്നത്.
മിക്ക ഇടത്താവളങ്ങളിലും അയ്യപ്പഭക്തർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത് അയ്യപ്പസേവാസമാജമാണ്. സമാജത്തെ സന്നിധാനത്തെ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ് അന്നദാനം തങ്ങളുടെ മാത്രം അധികാരമാണെന്ന നിലപാട് അന്ന് കോടതിയിൽ എടുത്തതെന്നാണ് വിലയിരുത്തുന്നത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർക്ക് ഭക്ഷണം ഒരുക്കാനുള്ളശേഷി ഇല്ലാത്തതിനാലാണ് സംഘടനകളുടെ പങ്കാളിത്വം ആവാമെന്ന് നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചത്.
Comments