ഭോപാൽ: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മത്തെ അധിക്ഷേപിച്ച പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾക്ക് ചാട്ടുളി പോലെ അദ്ദേഹം മറുപടി നൽകി. സനാതന ധർമ്മത്തെ ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് അദ്ദേഹം വിമർശിച്ചു. മദ്ധ്യപ്രദേശിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘സനാതന ധർമ്മമാണ് സ്വാതന്ത്രൃ സമരത്തിന് ശക്തി നൽകിയത്. രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്തിയത് സനാതന ധർമ്മമാണ്. ഒരു വശത്ത് പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവർ ഐഎൻഡിഐഎ സഖ്യം രൂപീകരിച്ചു. ചിലർ ഇതിനെ ഘമണ്ടിയ സഖ്യം എന്നാണ് വിളിക്കുന്നത്. അവർക്ക് ഒരു നേതാവില്ലെങ്കിലും മുംബൈ യോഗത്തിൽ അവർ തങ്ങളുടെ രഹസ്യ അജണ്ട തീരുമാനിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തെ ആക്രമിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം’.
‘ഭാരതീയരുടെ വിശ്വാസത്തെ ആക്രമിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തെ ഒരുമിപ്പിച്ച ചിന്തകളെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നശിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഈ രഹസ്യ അജണ്ടയെ എല്ലാം സനാതന ധർമ്മ വിശ്വാസികളും കരുതിയിരിക്കണം’പ്രധാനമന്ത്രി പറഞ്ഞു.
Comments