സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ച് എക്‌സ് (ട്വിറ്റർ). എക്‌സ് പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇലോൺ മസ്‌ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇസ്രായേൽ കമ്പനിയായ Au10tix-മായി സഹകരിച്ചാണ് എക്‌സ് ഐഡന്റിറ്റി വേരിഫിക്കേഷൻ സജ്ജമാക്കുന്നത്.
ഫേക്ക് അക്കൗണ്ടുകളുടെ ഉപയോഗം തടയുന്നതിനും ആൾമാറാട്ടം തടയുന്നതിനും അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്‌സ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനൊപ്പം തന്നെ പ്രായം അനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, അപകടകരമായ അല്ലെങ്കിൽ സ്പാം അക്കൗണ്ടുകളിൽ നിന്ന് സംരക്ഷണം നൽകുക, പ്ലാറ്റ്‌ഫോമിന്റെ സമഗ്രത നിലനിർത്തുക എന്നിങ്ങനെയുള്ള നടപടികളും സ്വീകരിച്ചേക്കുമെന്ന് എക്‌സ് വ്യക്തമാക്കി.
ഐഡി വേരിഫിക്കേഷൻ ഉപയോഗിച്ചുകൊണ്ട് വേരിഫിക്കേഷൻ തിരഞ്ഞെടുക്കുന്നവർക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കൾ ഐഡി വേരിഫിക്കേഷൻ ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ ബ്ലൂ ചെക്ക്മാർക്കിൽ പോപ്പ് അപ്പ് സന്ദേശം ലഭിക്കും. എക്‌സിലുള്ള സേവനങ്ങളിൽ പ്രത്യേക പരിഗണനയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. വ്യക്തിപരമായ അക്കൗണ്ടുകൾക്കാകും ഇത് ലഭിക്കുക.
Comments