കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യ ഘട്ട ചോദ്യം ചെയ്യലുകൾ നാളെ പൂർത്തിയാകും. കേസിലെ മുഖ്യപ്രതിയെയും പ്രധാന സാക്ഷികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഏഴ് ദിവസത്തോളമെടുത്ത് പല തവണയാണ് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയത്. മുൻമന്ത്രി എസി മൊയ്തീനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും.
കള്ളപ്പണ നിരോധന നിയമപ്രകാരം 2021 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലുകളിലേക്ക് കടന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡിയ്‌ക്ക് വ്യക്തമായി. തുടർന്ന് കേസിന്റെ പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലേക്ക് ഇഡി കടക്കുകയായിരുന്നു. മുഖ്യ പ്രതി സതീഷ് കുമാറിലേക്കാണ് അന്വേഷണം എത്തിയത്.
സതീഷ് കുമാറിന്റെ മുഴുവൻ ഡിജിറ്റൽ തെളിവുകളും ഇഡി ശേഖരിച്ചു. സതീഷ് കുമാറിന്റെ ഫോൺ റെക്കോർഡുകളും പ്രധാന തെളിവായി. സതീഷിന്റെ ഇടനിലക്കാരൻ കെഎ ജിജോറിനെയും, ബിനാമി ഇടപാടുകൾ നടത്തുന്ന അനിൽ സേഠിനെയും ഈ ഫോൺ രേഖകൾ മുൻ നിർത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. ബാങ്ക് മുൻ മാനേജർ ബിജു കരിം, സെക്രട്ടറി സുനിൽ കുമാർ, അനിൽ സേഠ്, സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി പലതവണ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് കിരണിനെയും, സതീഷിനെയും അറസ്റ്റ് ചെയ്തത്.
കൗൺസിലർമാരായ അനൂപ് ഡേവിസ് കാട്, പി ആർ അരവിന്ദാക്ഷൻ എന്നിവരെ തുടർച്ചയായി ഇഡി ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ ആദ്യ ഘട്ട ചോദ്യം ചെയ്യലുകൾ പൂർത്തിയാകും. ഒരിക്കൽ ചോദ്യം ചെയ്ത് വിട്ടയച്ച മുൻ മന്ത്രി എസി മൊയ്തീനെ രണ്ടാം ഘട്ടമായാണ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നത്. ഈ ഘട്ടത്തിൽ കൂടുതൽ അറസ്റ്റുകളും ഉണ്ടാകും.
Comments