പൂനെ: സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. മൻമോഹൻ വൈദ്യ. ആർഎസ്എസിന്റെ വിവിധക്ഷേത്രസംഘടനകൾ സ്ത്രീകളുടെ മുന്നേറ്റത്തിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ ഇന്നലെ സമാപിച്ച അഖിലഭാരതീയ സമന്വയ ബൈഠക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
്‌സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. കുടുംബങ്ങളെ നയിക്കുന്ന സ്ത്രീകളുടെ നേതൃശേഷി രാഷ്‌ട്രപുരോഗതിയിലും ദൃശ്യമാകണം. സാമൂഹികപ്രവർത്തനങ്ങളിൽ സ്ത്രീശക്തിയുടെ ക്രീയാത്മകത അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാമേഖലകളിലും സ്ത്രീകളെ ഉയർത്തികൊണ്ട് വരുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങൾ സംഘടിപ്പിച്ചുവെന്നും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തിലധികം സ്ത്രീകൾ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സമന്വയ ബൈഠക്കിൽ 36 വിവിധക്ഷേത്രസംഘടനകളിൽ നിന്ന് 246 പ്രതിനിധികൾ പങ്കെടുത്തു. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കി.
Comments