കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലന്‍സ് കോടതി തീരുമാനമെടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
കളമശേരി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് വീണ വിജയന്‍ സേവനങ്ങളൊന്നും നല്‍കാതെ പണം കൈപ്പറ്റിയെന്നാണ് വിവാദം. വീണ വിജയന് പുറമേ മറ്റ് രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.
Comments