ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നതിനെതിരെ അവഹേളന പോസ്റ്റുമായി രംഗത്തെത്തിയ കോൺഗ്രസ് അനുകൂല ഫേക്ക് പേജിന്റെ ട്രോളിനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നു എക്സ് പ്ലാറ്റ്ഫോമിൽ ഡാനിഷ് കനേരിയ പോസ്റ്റ് പങ്കുവച്ചിരുന്നു.
“ഭാരതത്തിന്റെ കാവൽക്കാരനായ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. ലോകത്തെ നയിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചു. ഇന്ന് ലോകം മുഴുവൻ സംസാരിക്കുന്നത് “വസുധൈവ കുടുംബകം” എന്നാണ്. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഞാൻ ഭഗവാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു.”
എന്നായിരുന്നു ഡാനിഷിന്റെ ആശംസ.
അതിനെതിരെ അവഹേളനവുമായി രംഗത്തു വന്നത് ഡോക്ടർ നിമോ യാദവ് എന്ന കോൺഗ്രസ് അനുകൂല സ്പൂഫ് ഐഡി ആണ്.
“ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത്. @DanishKaneria61, ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ കുറിച്ച് ഒരു പാക്കിസ്ഥാനിയും ഒരക്ഷരം പോലും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,”
കോൺഗ്രസ് അനുകൂല ട്രോളൻ ‘ഡോ നിമോ യാദവ്’ ട്വീറ്റ് ചെയ്തു. ധാരാളം ഫോളോവേഴ്സ് ഉള്ള ഈ കോൺഗ്രസ് അനുകൂല ഐഡി ഇതിനു മുൻപും പുലിവാല് പിടിച്ചിട്ടുണ്ട്.
ഇതിനു മറുപടിയായി കോൺഗ്രസ് അനുകൂല ട്രോൾ പേജിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഡാനിഷ് കനേരിയ.
“കാബൂൾ മുതൽ കാംരൂപ് വരെയും ഗിൽജിത്ത് മുതൽ രാമേശ്വരം വരെയും നമ്മൾ ഒന്നാണ്. പക്ഷേ, പിഡികൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും, എന്ന് ഡോക്ടർ നിമോ യാദവിന്റെ അവഹേളന പോസ്റ്റിനു മറുപടിയായി കനേരിയ ട്വീറ്റ് ചെയ്തു . “അതിനാൽ, നിങ്ങളുടെ ഉപദേശം പപ്പുവിന്റെ വീട്ടിൽ സൂക്ഷിക്കുക” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ ക്രിക്കറ്റ് ടീമിനായി കളിക്കുന്ന രണ്ടാമത്തെ ഹിന്ദു താരമായ ഡാനിഷ് കനേരിയ, തന്റെ മതപരമായ സ്വത്വത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ഭഗവാന്റെ അനുഗ്രഹം തേടണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
Comments