തൃശൂർ: കരുവന്നൂർ സഹകരകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി മൊയിതീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്ന് ഇമെയിൽ വഴിയാണ് മൊയ്തീൻ ഇഡിയെ അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അതിനായി ഇന്നുരാവിലെ തിരുവനന്തപുരത്ത് എത്തേണ്ടതുണ്ടെന്നും ഇഡിയ്‌ക്ക് അയച്ച കത്തിൽ മൊയ്ദീൻ പറയുന്നു. ഇന്ന് ഹാജരാകാതിരുന്ന എ.സി മൊയ്തീനെതിരെ ഇ.ഡി വീണ്ടും നോട്ടീസ് നൽകും.
ഇന്നലെ രാത്രി തന്നെ എസി മൊയ്തീൻ തിരുവനന്തപുരത്തേക്കായി യാത്ര തിരിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. ഇദ്ദേഹം കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് കരുതിയത്. എന്നാൽ നിയമസഭാ സാമാജികരുടെ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി എസി മൊയ്തീൻ രാവിലെയോടെ തിരുവനന്തപുരത്തെത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂർ സർവ്വീസ് സഹകരണ ബാങ്കിലും അയ്യന്തോൾ സഹകരണ ബാങ്കിലും ഇഡി നടത്തിയ റെയ്ഡ് ഇന്ന് പുലർച്ചെ അവസാനിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് 15 മണിക്കൂറിലധികം നീണ്ടുനിന്നു. കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന് ഈ ബാങ്കുകളിൽ ബിനാമി ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ പരിശോധന നടന്നത്.
Comments