ന്യൂഡൽഹി: കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഖാലിസ്ഥാനി ഭീകരനായ ഹർദീപ് സിംഗ് നിജ്ജാർ കഴിഞ്ഞ ജൂണിൽ കാനഡയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണത്തെയാണ് ഇന്ത്യ ശക്തമായി എതിർത്തത്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
India rejects allegations by Canada:https://t.co/KDzCczWNN2 pic.twitter.com/VSDxbefWLw
— Arindam Bagchi (@MEAIndia) September 19, 2023
കനേഡിയൻ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും പ്രസ്താവനയെ ഇന്ത്യ നിരസിക്കുന്നു. കാനഡയിൽ സംഭവിച്ച ഏതെങ്കിലുമൊരു അക്രമത്തിൽ ഭാരത സർക്കാരിന് പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്. ഇന്ത്യ ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. നിയമവാഴ്ചയിൽ പ്രതിബദ്ധതയുള്ള രാഷ്‌ട്രീയമാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഖാലിസ്ഥാൻ തീവ്രവാദത്തെയും ഖാലിസ്ഥാനി ഭീകരരെയും സുരക്ഷിതമാക്കുന്നതാണ്. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തിക്കൊണ്ട് ഖാലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നത് കാനഡ തുടരുകയാണ്. ഇക്കാര്യത്തിൽ കനേഡിയൻ സർക്കാർ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത്.
കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുവെന്നത് പുതിയ കാര്യമല്ല. ഇത്തരം സംഭവങ്ങളുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നു. കാനഡയുടെ മണ്ണിൽ വേരൂന്നിയ എല്ലാ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ കനേഡിയൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയുടെ വിദേശകാര്യമന്ത്രി ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഖാലിസ്ഥാനി ഭീകരൻ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോപണത്തെ ശരിവച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയതിന് പിന്നാലെയാണ് ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയത്.
Comments