തേങ്ങ ഇല്ലാത്ത അടുക്കളകൾ വളരെ വിരളമാണ്. തേങ്ങ ഉപയോഗിച്ച് പലഹാരങ്ങളോ കറികളോ ഒക്കെയുണ്ടാക്കുന്നവരാണ് എല്ലാവരും. എന്നാൽ പൊട്ടിച്ച തേങ്ങ എങ്ങനെ സൂക്ഷിക്കുമെന്ന് ചിന്തിക്കുന്നവരാകും പലരും. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും മിക്കപ്പോഴും തേങ്ങ കേടാകുന്ന പതിവുണ്ട്. അതുകൊണ്ട് തന്നെ കഴിവതും ഒരു തേങ്ങ തന്നെ കറിക്ക് ഉപയോഗിക്കുന്നവരാണ് പല അമ്മമാരും.
എന്നാൽ തേങ്ങാമുറി കേടാകുന്നുവെന്നുള്ള പരാതിക്ക് പരിഹാരമുണ്ട്. ചില പൊടിക്കൈകൾ ചെയ്താൽ ഈ പ്രശ്‌നം പരിഹരിക്കാവുന്നതെയുള്ളൂ. തേങ്ങാമുറിയിൽ വിനാഗിരിയോ ഉപ്പോ പുരട്ടി വെച്ചാൽ തേങ്ങ കേടാവാതിരിക്കും. തേങ്ങ ചിരട്ടയോട് തന്നെ ഉപ്പ് വെള്ളത്തിൽ കമഴ്‌ത്തി വെച്ചാലും തേങ്ങ പെട്ടെന്ന് കേടുവരില്ല. തേങ്ങ പൊട്ടിക്കുമ്പോൾ തന്നെ കണ്ണുള്ള ഭാഗത്തെ ചകിരി കളയാതെ വെച്ചാലും തേങ്ങ ചീത്തയാവില്ല.
കടയിൽ നിന്ന് തേങ്ങ വാങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ദൃഢമായ പുറംതോട് ഉള്ളതും ഭാരം ഉള്ളതും വിള്ളലുകളോ ചോർച്ചയോ ഇല്ലാത്തതുമായ തേങ്ങ വേണം വാങ്ങാൻ. ഉപയോഗ ശേഷം ബാക്കി വന്ന തേങ്ങാ മുറി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോളും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി പ്ലാസ്റ്റിക് അല്ലെങ്കിൽ വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. തേങ്ങാമുറി ഫ്രിഡ്ജിൽ സൂക്ഷിക്കും മുൻപ് അൽപ്പം വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്. അത് തേങ്ങയുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനൊപ്പം സുഗന്ധവും നൽകുന്നു.
Comments