മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നിരവധി സിനിമകൾ ചെയ്ത് ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മമ്മൂട്ടി. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പേരൻപ് തുടങ്ങി ഒട്ടനവധി ഹിറ്റുകൾ മമ്മൂട്ടിയുടേതായി തമിഴിൽ വന്നു. ഈ സിനിമാ കാലഘട്ടത്തിനിടയിൽ തമിഴ് സിനിമാമേഖലയിൽ മലയാള താരങ്ങൾ നേരിട്ട വിവേചനത്തിന് മമ്മൂട്ടി മാറ്റം കൊണ്ടുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് തമിഴ് മാദ്ധ്യമപ്രവർത്തകൻ വിശൻ വി. ഒരു തമിഴ് മാദ്ധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പണ്ട് ഔട്ട് ഡോർ ചിത്രീകരണങ്ങൾ കുറവായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളുടെയും ചിത്രീകരണം ചെന്നൈയിലെ എവിഎം സ്റ്റുഡിയോയുടെ സെറ്റിലായിരുന്നു നടന്നിരുന്നത്. അവിടെ എല്ലാ തമിഴ് അഭിനേതാക്കൾക്കും മുറിയുണ്ടായിരുന്നെങ്കിലും മലയാള താരങ്ങൾക്ക് മുറി നൽകിയിരുന്നില്ല. മരത്തിന്റെ മറവിലായിരുന്നു സ്‌ത്രീകളടക്കമുള്ള താരങ്ങൾ വസ്ത്രം മാറിയിരുന്നത്. അന്ന് അഡൾട്ട് ഒൺലി സിനിമകൾ ധാരാളം വരുന്ന സമയമായിരുന്നതിനാൽ മലയാള സിനിമയ്‌ക്ക് അങ്ങനെ ഒരു ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത് കണ്ടതോടെ തമിഴ് സിനിമയിലെ ഈ പ്രവണതയ്‌ക്ക് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയാണ്.
80കളിലും 90കളിലും മമ്മൂട്ടിയുടേതായി മികച്ച സിനിമകൾ തമിഴിൽ വരാൻ തുടങ്ങി. തമിഴിൽ അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് മുറി വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കാൻ തുടങ്ങി. പിന്നീടാണ് മലയാള താരങ്ങൾക്ക് ചെന്നൈയിലെ സ്റ്റുഡിയോകളിൽ മുറി ലഭിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ വരവോടെയാണ് തമിഴിൽ മലയാള സിനിമയുടെ ഇമേജിന് മാറ്റം വരാൻ തുടങ്ങിയത്. ഉർവശി ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് തോന്നുതെന്നും വിശൻ വി. പറഞ്ഞു.
Comments