ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനായി ഭാരതത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ജനുവരി 26 ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മുഖ്യാതിഥിയായി ബൈഡനെ ക്ഷണിച്ചത്. ഇത് സംബന്ധിച്ച പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടയിലായിരുന്നു പ്രധാനമന്ത്രി മോദി ബൈഡനെ ക്ഷണിച്ചത്. സെപ്റ്റംബര്‍ 8നായിരുന്നു മോദിയും ബൈഡനും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഭാരതവും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദബന്ധത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി ബൈഡനെ ക്ഷണിച്ചതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2023 ലെ അമേരിക്കൻ സന്ദർശനത്തിലെ നേട്ടങ്ങളെയും അമേരിക്ക അഭിനന്ദിച്ചു.
നമ്മുടെ ബഹുമുഖ ആഗോള അജണ്ടയുടെ എല്ലാ തലങ്ങളിലുമുള്ള ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം പരിവർത്തനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാൻ ഇരു നേതാക്കളും തങ്ങളുടെ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
നയതന്ത്ര താത്പര്യങ്ങള്‍, വാണിജ്യ വ്യവസായ പരിഗണനകള്‍ തുടങ്ങി നിര്‍ണായകമായ പല വിഷയങ്ങളും വിലയിരുത്തിയാണ് റിപബ്ലിക് ദിനാഘോഷത്തിലേക്ക് പ്രധാന അതിഥികളെ തിരഞ്ഞെടുക്കാറുള്ളത്.