ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന പ്രമേയം രാജ്യസഭയിൽ അംഗീകരിച്ചു. ‘ചന്ദ്രയാൻ -3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് അടയാളപ്പെടുത്തിയ ഇന്ത്യയുടെ മഹത്തായ ബഹിരാകാശ യാത്ര’ എന്ന ചർച്ചയുടെ സമാപനത്തിലാണ് അംഗീകാരം നൽകിയത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
‘ഇന്ത്യൻ ബഹിരാകാശ യാത്ര ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ടിലേറെയായി. ഇന്ന് രാജ്യം തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി വികസിപ്പിച്ചു. ഇത് മാത്രമല്ല,
മറ്റ് രാജ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശവും സഹായകവും നൽകുന്നു. സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള മാറ്റത്തിനും നാം സാക്ഷ്യം വഹിച്ചു. ചന്ദ്രയാൻ-3 വിജയദൗത്യം ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ ലോക വേദിയിലേക്ക് ഉയർത്തി കാട്ടി. ഇത് ഭാരതത്തിന്റെ അഭിമാനമാണ്’ ഉപരാഷ്‌ട്രപതി പറഞ്ഞു.
നാസയും ഇഎസ്എയും പോലുള്ള പ്രമുഖ ബഹിരാകാശ ഏജൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലവിന്റെ ഒരു അംശം കൊണ്ട് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ കരുത്ത് പ്രശംസനീയമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ന് വളരെ കുറവാണ്. പര്യവേക്ഷണ മേഖലയിലേക്കുള്ള സ്വകാര്യ സംരംഭങ്ങളുടെ പ്രവേശനം ഇന്ത്യയുടെ ബഹിരാകാശത്തിന് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.