ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ വനിതാ ടീം സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഇന്ത്യ- മലേഷ്യ ക്വാർട്ടർ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിൽ ഇന്ത്യ 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയിരുന്നു. വിജയ ലക്ഷ്യം പിൻതുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ രണ്ട് ബോൾ നേരിട്ടപ്പോഴേക്കും മഴ പെയ്യുകയായിരുന്നു. തുടർന്ന് മത്സരം ഉപേക്ഷിച്ചു. റാങ്കിംഗിൽ മുന്നിലുളള ഇന്ത്യ സെമിയിലേക്ക് മുന്നേറുകയായിരുന്നു.
ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അർദ്ധ സെഞ്ച്വറി നേടിയ ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 5 സിക്‌സും 6 ഫോറും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിംഗ്‌സ്. 39 പന്തിൽ നിന്ന് 69 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്മൃതി 14 പന്തിൽ നിന്ന് 27 റൺസും സ്വന്തമാക്കി. റിച്ച ഘോഷ് 7 പന്തിൽ നിന്ന് 23 റൺസും നേടി. 29 പന്തിൽ നിന്ന് 47 റൺസുമായി ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.















