കന്നിയങ്കത്തിന് ലൂണയും സംഘവും സജ്ജർ…! കൊച്ചിയിൽ ഇന്ന് തീപാറും

Published by
Janam Web Desk

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ പത്താം സീസണ് തുടക്കമാകുമ്പോൾ മലയാളി ആരാധകർ കാത്തിരിക്കുന്നത് ഒരു പകവീട്ടലിനാണ്. കഴിഞ്ഞ സീസണിലെ തോൽവിക്ക് ബെംഗളുരുവിന് ഉശിരൻ വിജയത്തോടെ മറുപടി നൽകുകയാണ് ടീമിന്റെ ലക്ഷ്യം. രാത്രി എട്ടിനാണ് മത്സരം. ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങളൊരുക്കാൻ പരിശീലകൻ ഇവാൻ ഇന്ന് ടീമിനൊപ്പമുണ്ടാകില്ല. വിവാദ പ്ലേ ഓഫ് മത്സരത്തിൽ ടീമിനെ കളിക്കളത്തിൽ നിന്ന് പിൻവലിച്ച പരിശീലകനെ 10 മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. ഇത് കഴിയാൻ ഇനിയും നാല് മത്സരങ്ങൾ കൂടിയുണ്ട്. വിവാദ നായകൻ ഛേത്രിയും ഏഷ്യൻ ഗെയിംസിനായി ചൈനയിലാണ്. സ്‌പോർട്‌സ് 18, ജിയോ സിനിമ, സൂര്യ മൂവീസ്് എന്നിവയിൽ മത്സരം കാണാം.

ഇത്തവണ വലിയ അഴിച്ചുപണികളുമായാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ഇറങ്ങുന്നത്. കളിക്കളത്തിലെ പ്രകടനവും എന്തെന്ന് കണ്ടറിയണം. ജാപ്പനീസ് വിംഗർ ഡെയ്സൂകി സ്‌കായ്, ഘാന സ്ട്രൈക്കർ ക്വാമേ പെപ്രെ എന്നിവരുടെ സന്നാഹമത്സരത്തിലെ പ്രകടനവും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്. പരിചയസമ്പന്നനായ പ്രബീർ ദാസിന്റെ വരവ് പ്രതിരോധ നിരയെ ശക്തിപ്പെടുത്തും. നൗച്ച സിംഗ്, പ്രീതം കോട്ടാൽ എന്നിവരും ബ്ലാസ്റ്റേഴ്സിനായി പ്രതിരോധക്കോട്ട കെട്ടും. ക്വാമ പെപ്രെയുടെ വരവിലൂടെ മുന്നേറ്റത്തിൽ സഹലിന്റെ വിടവ് നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെപി രാഹുലും ബ്രെയ്‌സ് മിറാൻഡയുംഏഷ്യൻ ഗെയിംസിന്റെ ഭാഗമായി ചൈനയിലാണ്. സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. ദിമിക്കൊപ്പം ക്വാമി പെപ്രെയും ചേരുന്നതോടെ മുന്നേറ്റം മികവുറ്റതാകും. ദിമി- ക്വാമി സഖ്യത്തിനൊപ്പം യുവതാരങ്ങളായ നിഹാൽ സുധീഷും ബിദ്യാസാഗർ സിംഗും ചേരുന്നതോടെ മുന്നേറ്റം തിളങ്ങുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ.

മദ്ധ്യനിരയിലെ മജീഷ്യൻ ലൂണയാണ് കൊമ്പന്മാരുടെ നായകൻ. സഹൽ കൊൽക്കത്തയിലേക്ക് ചേക്കേറിയതിനാൽ പരീക്ഷണങ്ങളായിരിക്കും മദ്ധ്യനിരയിലെ ആദ്യമത്സരങ്ങളിൽ ആരാധകർക്ക് കാണാനാകുക. മിഡ്ഫീൽഡിലേക്ക്് ജാപ്പനീസ് താരം ഡെയ്സൂകി സ്‌കായ് എത്തിയത് കരുത്ത് കൂട്ടും. ജീക്‌സൺ സിംഗിനൊപ്പം മലയാളി താരം വിബിൻ മോഹൻ, ഡാനിഷ് ഫറൂഖി, മുഹമ്മദ് ഐമൻ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്താൽ മദ്ധ്യനിരയിൽ ടീം തിളങ്ങും. പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹോർമിപാം, ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച് എന്നിവരുടെ പ്രതിരോധ പൂട്ട് പൊട്ടിക്കാനും എതിർ ടീം പാട് പെടും.

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്

ഗോൾകീപ്പർമാർ: കരൺജിത് സിംഗ്, ലാറ ശർമ്മ, സച്ചിൻ സുരേഷ്, മുഹമ്മദ് അർബാസ്

പ്രതിരോധനിര: പ്രബീർ ദാസ്, പ്രീതം കോട്ടാൽ, ഐബൻഭ കുപർ ഡോഹ്ലിംഗ്, നോച്ച സിംഗ് ഹുയ്ഡ്രോം, ഹോർമിപാം ആർവി, സന്ദീപ് സിംഗ് സൊറൈഷാം, മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച്

മദ്ധ്യനിര: തൗനോജം, സൗരവ് മണ്ഡല്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, യോയ്‌ഹെൻബ മെയ്‌റ്റെ സുഖം, ഫ്രെഡി ലല്ലാവ്മ, അഡ്രിയാൻ ലൂണ

മുന്നേറ്റനിര: നിഹാൽ സുധീഷ്, ബിധ്യാസാഗർ സിങ് ഖാൻഗെംബം, രാഹുൽ കെ പി, ഇഷാൻ പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര, ഡെയ്സൂകി സ്‌കായ്

Share
Leave a Comment