ഫോണുകൾ കയ്യിലേന്തി യാത്ര ചെയ്യുന്നതിൽ അൽപമെങ്കിലും പ്രയാസം അനുഭവിക്കുന്നവരാകും മിക്കവരും. പ്രത്യേകിച്ചും സ്ത്രീകളാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. എന്നാൽ ഇതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ കമ്പനിയായ ഹോണർ.
ഹാൻഡ് ബാഗ് പോലെ തോളിൽ ഇടാവുന്ന ഫോൾഡബിൾ ഫോണായ ‘വി പേഴ്‌സ്’ എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. കൂടുതലും സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് ഹോണർ പുത്തൻ ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. കൂടാതെ ഉപയോക്താക്കൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായ നിറത്തിൽ ഫോണിന്റെ ഡിസ്പ്ലേ സെറ്റ് ചെയ്യാവുന്നതാണ്. ഈ ഫീച്ചറിനെ ഹോണർ “ഫൈ-ഡിജിറ്റൽ ഫാഷൻ സ്റ്റേറ്റ്‌മെന്റ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കറുപ്പ്, നീല, ഗോൾഡൻ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ വിപണിയിലിറങ്ങുക. 7.71 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേ OLED ഡിസ്‌പ്ലേയോട് കൂടിയാണ് വരുന്നത്. മടക്കിയാൽ, ഡിസ്പ്ലേ 2,348 x 1,088 പിക്സൽ റെസല്യൂഷനും 6.45 ഇഞ്ചുള്ള പാനലായി മാറുന്നു. ഡിസ്‌പ്ലേയ്‌ക്ക് 90Hz ആണ് റിഫ്രഷ് റേറ്റ്.
16 ജിബി റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും വി പേഴ്സ് നൽകുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് ഹോണർ പുതിയ ഫോൺ അവതരിപ്പിക്കുന്നത്. ഹോണർ വി പേഴ്‌സിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്‌സൽ സെൻസറും ലഭ്യാമണ്. 9 മെഗാപിക്സൽ സെൻസറാണ് സെൽഫി ക്യാമറയിലുള്ളത്.
16 GB RAM+ 256 GB സ്റ്റോറേജ്, 16 GB RAM + 512 GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ ഫോൺ ചൈനയിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 16GB + 256GB പതിപ്പിന് 5999 ചൈനീസ് യുവാൻ ആണ് വില. ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 68,400 രൂപയായിരിക്കും ഇതിന്റെ വില. 16GB + 512GB വേരിയന്റിന് 6,599 യുവാൻ ആണ് വില ( 75,300 രൂപ).















