ഗുഡ്ഗാവ്: ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗയെ ലോകരാഷ്‌ട്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. യോഗ കൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്ന ചോദ്യത്തിന് ഉദാഹരണമാകുകയാണ് പൂജ സിംഗ്. യോഗയിലൂടെ വളർന്ന് കായികലോകത്തിന്റെ നെറുകയിലേക്ക് പറന്നെത്തിയ പൂജയുടെ ജീവിതം ഏല്ലാ കായികതാരങ്ങൾക്കും പ്രചോദനമാണ്.
ജീവിതത്തെ വിവിധ തലങ്ങളിൽ യോഗ സ്വാധീനിക്കുന്നുണ്ട്. യോഗയിൽ നിന്നും ഹൈജമ്പിലേക്ക് എത്തിയ പൂജയുടെ കഥ ഇന്ത്യൻ പാരമ്പര്യത്തിന്റെ ഉദാഹരണമാണ്. യോഗാസനങ്ങൾ ചെയ്തിരുന്ന മെയ്‌വഴക്കമാണ് ഇതിന് പിന്നിലെ രഹസ്യം. യോഗാ പരിശീലനത്തിനായി വന്ന പെൺകുട്ടിയെ അത്‌ലറ്റിക്‌സ് താരമാക്കി മാറ്റുകയായിരുന്നു യോഗ-അത്‌ലറ്റിക്‌സ് പരിശീലകൻ ബൽവാൻ സിംഗ്. ഹൈജമ്പ് പരിശീലകനായ ബൽവാൻ സിംഗ് പിന്നീട് പൂജയെ രാജ്യമറിയുന്ന കായിക താരമായി വളർത്തി. അഞ്ച് വർഷം മുമ്പായിരുന്നു പൂജയുടെ ഐതിഹാസിക ജീവിതത്തിന് തുടക്കം കുറിച്ചത്.
2018ൽ അച്ഛനൊപ്പം സർക്കാർ യോഗ ക്യാമ്പിൽ എത്തിയതാണ് പൂജ. ഇവിടെ വച്ചാണ് സിംഗ് അവളോട് ആദ്യമായി ഹൈജമ്പ് പരീക്ഷിച്ച് നോക്കാൻ പറഞ്ഞത്. അത് അവൾ സമ്മതിച്ചതോടെയാണ് പൂജയുടെ ജീവിതത്തിൽ പുതിയ അദ്ധ്യായം ആരംഭിക്കുന്നത്. രണ്ട് അടി ഉയരം ചാടാനാകുമോ എന്നായിരുന്നു പൂജയ്‌ക്ക് മുന്നിൽ വന്ന ആദ്യം ചോദ്യം. നിഷ്പ്രയാസം അത് മറികടന്ന പൂജ ഇന്ന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുക്കുകയാണ്.
അവളുടെ കഴിവ് മനസിലാക്കിയ പരിശീലകൻ അവളെ മത്സരങ്ങൾക്കായി പരിശീലിപ്പിച്ചു തുടങ്ങി. എന്നിരുന്നാലും, ഹൈജമ്പ് ബാറിന്റെ വില അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ പ്രതിസന്ധികളെ തരണം ചെയ്യാനും മറ്റ് മാർഗങ്ങൾ കണ്ടെത്താനും ഞങ്ങൾ തീരുമാനിച്ചു. ജമ്പിംഗ് ബാറുകൾക്ക് പകരമായി മുളകൊണ്ടുള്ള ബാറുകളും ജമ്പിംഗ് പിറ്റിന് പകരം വൈക്കോൽ കൂനകൾ കൊണ്ട് നിർമ്മിച്ച പിറ്റും ഉപയോഗിച്ചവൾ പരിശീലനം നടത്തി.
ഈ വർഷം ആദ്യം താഷ്‌കന്റിൽ നടന്ന യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം, ദക്ഷിണ കൊറിയയിൽ നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നടന്ന യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും പൂജ കരസ്ഥമാക്കി. സീനിയർ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 1.8 മീറ്റർ ചാടി സ്വർണം നേടി ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി.
അത്‌ലറ്റിക്‌സ് ഒരിക്കലും ഭാവിയായി കരുതിയിരുന്നില്ല. കായികമേഖലയിൽ നേട്ടങ്ങൾ കൊയ്യുന്നതിന് സാമ്പത്തികം ആവശ്യമാണ്. സമയവും പണവും കഴിവുമെല്ലാം അതിന് മാത്രമായി മാറ്റി വയ്‌ക്കണം. തന്റെ നാട്ടിൽ നിന്ന് ഹൈജമ്പിൽ മറ്റൊരു പെൺക്കുട്ടിയില്ല. ഇതോടെ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഞാൻ മെഡലുകൾ നേടാൻ തുടങ്ങിയതിന് കാരണം കോച്ചിന്റെ കീഴിലുളള മികച്ച പരിശീലനമാണ്. നിലവിൽ എന്നെ ഒരു കമ്പനിയാണ് സ്‌പോൺസർ ചെയ്യുന്നത്.- താരം പറഞ്ഞു.
അവൾ കായിക താരമായതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ കായികതാരമാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഞാൻ സ്‌കൂളിൽ വച്ച് കബഡി കളിക്കുമായിരുന്നു, പക്ഷേ അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയില്ലായിരുന്നു. അവൾ ഇത് പോലെ നേട്ടങ്ങളുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.- പൂജയുടെ പിതാവ് ഹൻസ്രാജ് പറഞ്ഞു.