കണ്ണൂർ: കർണ്ണാടക മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വീരാജ്‌പേട്ട പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വീരാജ്‌പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ജില്ലയിലെ കണ്ണവത്തെത്തി യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.
കാണാതായ കണ്ണവത്തെ യുവതിയുടെ ആധാറും തിരിച്ചറിയൽ കാർഡും കർണ്ണാടക പോലീസ് ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ യുവതിയുടെ അമ്മയുടെ രക്തസാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്‌ക്ക് ശേഖരിക്കും. ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരള പോലീസിന്റെ സഹകരണവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം മടിക്കേരി മെഡിക്കൽ കോളേജിലെത്തി കണ്ണവത്തെ യുവതിയുടെ ബന്ധുക്കൾ മൃതദേഹം കണ്ടെങ്കിലും മൃതദേഹം യുവതിയുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ മടങ്ങുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലുമാണ്. പോലീസിന്റെ ശാസ്ത്രീയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിക്ക് 25-നും 35-നും ഇടയിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ. കണ്ണവത്തുനിന്ന് കാണാതായ യുവതിക്ക് 31 വയസ്സെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മൃതദേഹത്തിലെ വസ്ത്രം ചൂരിദാറാണ്. കാണാതാകുന്ന സമയത്ത് കണ്ണവത്തെ യുവതിയുടെയും വേഷം ചുരിദാറാണെന്ന നിഗമനത്തിലാണ് പോലീസ്. ഈ സമാനതകളാണ് കണ്ണവം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് നയിച്ചത്.















