ഇതിഹാസങ്ങളായ മുന്‍താരങ്ങളുട ഉപദേശങ്ങള്‍ പോലും മുഖവിലക്കെടുക്കാത്ത സഞ്ജു സാംസണെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം നൂറ് ശതമാനവും ശരിയാണെന്ന് മുന്‍താരം എസ്.ശ്രീശാന്ത്. പ്രമുഖ കായിക മാദ്ധ്യമമായ സ്‌പോര്‍ട്‌സ് ക്രീഡയുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീശാന്ത് കാരണങ്ങള്‍ അക്കമിട്ട് നിരത്തിയത്.
ഐപിഎല്ലില്‍ കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു കളിച്ചുകൊണ്ടിരിക്കുകയാണ്’ സഞ്ജു പറഞ്ഞു.ഇത്രയും കാലം കളിച്ചിട്ടും വെറും മൂന്നു സെഞ്ച്വറികള്‍ മാത്രമേ അവന്റെ പേരിലുള്ളൂ. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സഞ്ജുവിനു സാധിക്കുന്നില്ല. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു പലരും പറയുന്നു. എന്നാല്‍ അത് ശരിയല്ല. അയര്‍ലാന്‍ഡിനെതിരേ സഞ്ജുവിന് അവസരങ്ങള്‍ കിട്ടി. വെസ്റ്റിന്‍ഡീസിനെതിരേയും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നിട്ടും പ്രയോജനപ്പെടുത്തിയില്ല.
‘സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണ് കാരണം, താന്‍ ആരാണെന്നു ഒരു താരം സ്വയം മനസിലാക്കുകയെന്നതു വളരെ പ്രധാനമാണ്.എന്റെ വാക്കുകള്‍ നീ കേള്‍ക്കണമെന്നില്ല, പക്ഷെ ഇതിഹാസ തുല്യരായ ആളുകള്‍ നല്‍കുന്ന ഉപദേശം നീ കേള്‍ക്കണം. സഞ്ജു, നീ ചെറുപ്പമല്ല, പ്രായമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഈ വര്‍ഷം അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണം
ബാറ്റിംഗില്‍ ആരുടെയും ഉപദേശം സഞ്ജു അംഗീകരിക്കാറില്ല. ഈ സമീപനം അവന്‍ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ഇതിഹാസതുല്യരായ വ്യക്തികള്‍ നിങ്ങള്‍ക്കു വിലപ്പെട്ട ഒരു ഉപദേശം നല്‍കുമ്പോള്‍ അതു മാനിക്കണം. വിക്കറ്റ് നോക്കി, അതിനെ വായിച്ചെടുത്ത് കളിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. നിങ്ങളുടെ പക്കല്‍ ഒരു കഴിവുണ്ടെങ്കില്‍ അതു നന്നായി ഉപയോഗിക്കണം. സഞ്ജുവിനോടു എനിക്കുള്ള അപേക്ഷയും ഇതു തന്നെയാണ്.
സഞ്ജുവിനെ ലോകകപ്പ് ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് ഞാന്‍ മാദ്ധ്യമങ്ങളോടു നേരത്തേ പ്രതികരിച്ചിട്ടില്ല. വിവാദമായി മാറുമെന്ന കാരണത്താലായിരുന്നു അത്. സഞ്ജൂ, നീ ഇതു കേള്‍ക്കുന്നുണ്ടെങ്കില്‍ എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. ഒരുപാട് റണ്‍സ് നിനക്കു ഇനി സ്‌കോര്‍ ചെയ്യേണ്ടതായി വരും. സ്ഥിരതയും അതോടൊപ്പം പുലര്‍ത്തേണ്ടത് ആവശ്യമാണ്. നിനക്കു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്നു ചിന്തിക്കാന്‍ പാടില്ല. പക്ഷെ ആ അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.