ന്യൂഡൽഹി: 1600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി ഈ മാസം 23 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെത്തും. വാരണാസിയിലെ 450 കോടിയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് അദ്ദേഹം തറക്കല്ലിടും. ഉത്തർപ്രദേശിലെ 16 അടൽ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
വാരണാസിയിലെ ഗഞ്ചാരിയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. തുടർന്ന് ഉച്ചയോടെ രുദ്രാക്ഷ് അന്താരാഷ്‌ട്ര കോ-ഓപ്പറേഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ എത്തുന്ന പ്രധാനമന്ത്രി കാശി സൻസദ് സാംസ്‌കാരിക മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കും.
അന്നേ ദിവസം ഉത്തർപ്രദേശിൽ വിവിധ ഇടങ്ങളിലായി നിർമ്മിച്ച 16 അടൽ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള സാധ്യത കൂടുതൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടൽ ആവാസീയ വിദ്യാലയങ്ങൾ നിർമ്മിച്ചത്. 1115 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ഉറ്റവരും ഉടയവരും നഷ്ടമായ കുട്ടികൾക്കും തൊഴിലാളികളുടെയും നിർമാണ തൊഴിലാളികളുടെയും മക്കൾകൾക്കുമായാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക, കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
10 മുതൽ 15 വരെ ഏക്കർ വിസ്തൃതിയിലാണ് ഓരോ വിദ്യാലയവും നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് മുറികൾ, കായിക മൈതാനം, വിനോദ മേഖലകൾ, മിനി ഓഡിറ്റോറിയം, ഹോസ്റ്റൽ സമുച്ചയം, ഭക്ഷണശാല, ജീവനക്കാർക്കു താമസിക്കാനുള്ള ഫ്‌ളാറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടൽ ആവാസീയ വിദ്യാലയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്‌കൂളുകൾക്കും 1000 വിദ്യാർഥികളെ വീതം ഉൾക്കൊള്ളാനാകും.