കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി നഗരസഭ ജീവനക്കാരൻ പിടിയിൽ. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മിമിക്രി അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് കൈക്കൂലി വാങ്ങിയ വൈറ്റില സോണൽ ഓഫീസിലെ റവന്യു വിഭാഗം സീനിയർ ക്ലർക്ക് സുമിൻ ആണ് പിടിയിലായത്.
ഓഫീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മിമിക്രി കലാകരന്മാരുടെ സംഘടന ഓണർഷിപ്പ് സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. അപേക്ഷ സമർപ്പിച്ചപ്പോൾ ഭാരവാഹികളിൽ നിന്ന് സുമിൻ 900 രൂപ വാങ്ങിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 2,000 രൂപ നൽകണമെന്നായിരുന്നു സുമിന്റെ ആവശ്യം. പിന്നാലെ മിമിക്രി കലാകാരന്മാർ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ നോട്ടുകളുമായി ഭാരവാഹികൾ ഓഫീസിലെത്തി. വിജിലൻസ് എത്തിയുടൻ കൈക്കൂലി പണം സുമിൻ ചെരിപ്പിനടിയൽ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇയാൾ നേരത്തെയും കൈക്കൂലി വാങ്ങിയെന്ന് വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്.