ന്യൂഡൽഹി: തീവ്രവാദികൾക്കും ഗുരുതര കുറ്റവാളികൾക്കും വേദി നൽകരുതെന്ന് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് പ്ലാറ്റ്‌ഫോം നൽകരുതെന്ന് വാർത്ത വിതരണ മന്ത്രാലയം ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടു .
രാജ്യത്ത് നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ടവിദേശ പൗരനെ ഒരു ടെലിവിഷൻ ചാനലിൽ ചർച്ചയ്‌ക്ക് ക്ഷണിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആ വ്യക്തി രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും, വിദേശ രാജ്യവുമായുള്ള സൗഹൃദ ബന്ധത്തിനും ഹാനികരവുമായ നിരവധി പരാമർശങ്ങൾ നടത്തിയതായും വ്യക്തമായുള്ളതായി മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ഖലിസ്ഥാനി ഭീകരനും സിഖ്സ് ഫോർ ജസ്റ്റിസ് വക്താവുമായ ഗുർദീപ് സിംഗ് പന്നൂ സെപ്റ്റംബർ 20-ന് ദേശീയ മാദ്ധ്യമത്തിൽ പ്രത്യേക അഭിമുഖത്തിന് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നിർദ്ദേശം പുറത്തിറക്കിയതെന്നാണ് സൂചന.
സർക്കാർ മാദ്ധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന ഉള്ളടക്കം കേബിൾ ടെലിവിഷൻ (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കുന്നതായിരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.