ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസും കങ്കണയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ചന്ദ്രമുഖി 2 പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം. സെപ്റ്റംബർ 28-ന് ചിത്രം തീയേറ്ററിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി.
‘ പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ഞങ്ങൾ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണിത്. ലൈക്കയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം’- ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ബോളിവുഡ് താരം കങ്കണ റണാവത്ത് നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിന് വളരെയധികം പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം തന്നെ കിട്ടിയിട്ടുള്ളത്. പി വാസുവിന്റെ സംവിധാനത്തിലാണ് ചിത്രം അരങ്ങേറുന്നത്. 18 വർഷങ്ങൾക്ക് മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ തുടർച്ചയാണ് ഈ ചിത്രം.