തിരുവനന്തപുരം: കരുവന്നൂർ വിഷയത്തിൽ പൊട്ടിത്തെറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ കേസിലെ ഇഡിയുടെ അന്വേഷണം കേന്ദ്ര വെട്ടയെന്ന സർക്കാരിന്റെ വാദം എട്ടായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി. എസി മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനു ഒളിച്ച് നടക്കുന്നു. ഇഡി ഇതുവരെ ഒരാളുടെയും പേരിൽ കള്ളക്കേസ് എടുത്തിട്ടില്ലെന്നും കള്ളന്മാരാണ് ഇഡിയെ പേടിച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിക്ക് അത് അനുഭവമുണ്ട്, അതുകൊണ്ടാണല്ലോ പ്രൈവറ്റ് സെക്രട്ടറി അകത്ത് കിടന്നതെന്നും മുരളീധരൻ പരിഹസിച്ചു.
‘ഒരു മഹാനെ ഇഡി തല്ലിയെന്നാണ് പറയുന്നത്. എംവി ഗോവിന്ദന്‍ എന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കേരളത്തിലെ സാധാരണജനങ്ങളുടെ ബുദ്ധിശക്തിയെ ഇങ്ങനെ പരിശോധിക്കരുത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ കേരളാ പോലീസിന്റെ ചോദ്യം ചെയ്യല്‍പ്പോലെ ഇരുട്ടറയില്‍ വച്ചല്ല. എല്ലാ ചോദ്യങ്ങളും നടപടികളും ക്യാമറയിലുണ്ട്. സംശയമുള്ളവർ കോടതിയിൽ പോകണം. ഇഡി പേടിച്ചോടും എന്ന ധാരണ വേണ്ട. കൊള്ള നടത്തിയിട്ടുള്ള ഒരാളെയും വെറുതെ വിടില്ല. കോടതിയില്‍ പോകാന്‍ ധൈര്യമില്ലാത്തതിനാല്‍ മാദ്ധ്യമങ്ങളെ വിളിച്ച് കേന്ദ്ര വേട്ടയാണെന്ന് പറയുന്നു. ‘
‘കേന്ദ്ര വേട്ട എന്ന ക്യാപ്‌സ്യൂൾ അതിവിടെ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മാസപ്പടി തുക കൈപ്പറ്റിയത് എന്തിന് എന്ന് വിളിപ്പെടുത്താൻ ഇതുവരെ മുഖ്യമന്ത്രിക്കും മകൾക്കും ആയിട്ടില്ല. പിവി എന്നാൽ മുഖ്യമന്ത്രി തന്നെയാണ്. പിവി എന്ന് പറയുന്നത് പിണറായി വിജയനല്ലെങ്കില്‍ ഇതിനെതിരെ എന്തുകൊണ്ടാണ് കോടതിയില്‍ പോകാത്തത്. ഇതിനെക്കാള്‍ അപ്പുറം വരുമെന്ന് അറിയുന്നതുകൊണ്ടാണ് അതിന് തയ്യാറാകത്ത്. പിവി എന്താണെന്ന് മുഖ്യമന്ത്രി തന്നെ മറുപടി പറയട്ടെ.’
‘സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രവേട്ടയാണെന്നാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററും വിദേശ യാത്രയും നടത്തുന്നത്. അതിന് മടിയില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കിട്ടാനുള്ള കുടിശ്ശിക പിരിക്കാതെ നാട് ചുറ്റാൻ ഇറങ്ങിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. തട്ടിപ്പ് എല്ലാം നടക്കുന്നത് സിപിഎമ്മുകരുടെ മാത്രം പിന്തുണയോടെയെന്ന് കരുതുന്നില്ല. തൃശ്ശൂരിലെ കോൺഗ്രസുകാരുടെ മൗനം, അത് സംശയകരമാണ്. എട്ട് മാസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് അയിത്തമെന്ന് മന്ത്രിക്ക് തോന്നിയെങ്കിൽ എന്ത് പറയാനാണ്. സ്വന്തം പാർട്ടി ഗ്രാമത്തിലെ അയിത്തം മാറ്റാൻ സാധിക്കാത്ത മന്ത്രി നാട് നന്നാക്കാൻ ഇറങ്ങിയിട്ട് കാര്യമുണ്ടോ. ‘- വി മുരളീധരന്‍ പറഞ്ഞു.















