ഇസ്ലാമാബാദ്: സാമ്പത്തികമായി തകർന്നടിയുന്ന പാകിസ്താന് മുന്നറിയിപ്പുമായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് പാകിസ്താനിൽ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നു. മോശം സാമ്പത്തിക സ്ഥിതി കാരണം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ദുരിതം അനുഭവിക്കുന്നുവെന്നും സാമ്പത്തിക സ്ഥിരത എത്രയും വേഗം കൈവരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ പാക് സർക്കാർ കൈക്കൊള്ളണമെന്നും ലോകബാങ്ക് അറിയിച്ചു.
ലോകബാങ്കിന്റെ കണക്കനുസരിച്ച്, പാകിസ്താനിലെ ദാരിദ്ര്യം ഒരു വർഷത്തിനുള്ളിൽ 34.2 ശതമാനത്തിൽ നിന്ന് 39.4 ശതമാനമായി ഉയർന്നു. 12.5 ദശലക്ഷം ആളുകൾ കൂടി ദാരിദ്ര്യരേഖയ്‌ക്ക് താഴേക്ക് തള്ളപ്പെട്ടു. ഏകദേശം 95 ദശലക്ഷം പാകിസ്താനികൾ ഇപ്പോൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പാകിസ്താന്റെ സാമ്പത്തിക ഇടപെടലൊന്നും ദാരിദ്ര്യം കുറയ്‌ക്കുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരം താഴ്ന്നു പോയെന്നും ലോകബാങ്കിന്റെ പാകിസ്താന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞൻ തോബിയാസ് ഹക്ക് പറഞ്ഞു.
മാനുഷിക വികസനം, സാമ്പത്തിക സ്ഥിതി, അമിത നിയന്ത്രണത്തിലുള്ള സ്വകാര്യ മേഖല, കൃഷി, ഊർജ്ജ മേഖലകൾ എന്നിവയ്‌ക്ക് പ്രാധാന്യം നൽകണം. നികുതി-ജിഡിപി അനുപാതം ഉടനടി 5 ശതമാനം വർദ്ധിപ്പിക്കുക, ജിഡിപിയുടെ ഏകദേശം 2.7 ശതമാനം ചെലവ് കുറയ്‌ക്കുക എന്നീ നടപടികളിലൂടെ സുസ്ഥിരമല്ലാത്ത സമ്പദ്‌വ്യവസ്ഥയെ നല്ല സാമ്പത്തിക പാതയിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നടപടികൾ പാകിസ്താൻ സ്വീകരിക്കണം. പാകിസ്താന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ലോകബാങ്ക് ആശങ്കാകുലരാണെന്നും ഹക്ക് പറഞ്ഞു.















