ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടന്ന ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ വിജയത്തേരോട്ടവുമായി എബിവിപി. നാല് പാനലുകളിൽ മൂന്നിലും വിജയം സ്വന്തമാക്കിയ എബിവിപി സ്ഥാനാർത്ഥികൾ സർവകലാശാലയിൽ വീണ്ടും ഭരണമുറപ്പിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പാനലുകളിലേക്കായിരുന്നു മത്സരം. ആകെ 24 സ്ഥാനാർത്ഥികളായിരുന്നു നാല് പാനലുകളിലേക്കായി മത്സരിച്ചത്.
നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയനെ തറപറ്റിച്ച് ജോയിന്റ് സെക്രട്ടറി സ്ഥാനവും എബിവിപി തിരിച്ചുപിടിച്ചിരിക്കുകയാണ്. ചെയർമാൻ പാനലടക്കമുള്ള മറ്റ് മൂന്ന് പാനലുകളിലും ഉയർന്ന ലീഡ് ആദ്യം മുതൽ എബിവിപി ഉറപ്പിച്ചിരുന്നു. അവസാന റൗണ്ടുകളിലേക്കെത്തിയപ്പോൾ ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എബിവിപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. അതേസമയം നോട്ടയ്‌ക്ക് കിട്ടിയ വോട്ടുകൾ പോലും എസ്എഫ്ഐയ്‌ക്ക് നേടാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ തുഷാർ ദേധയ്‌ക്ക് ഓരോ റൗണ്ടുകൾ കഴിയുന്തോറും വൻ തോതിലാണ് ഭൂരിപക്ഷം ഉയർന്നത്. ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയ തുഷാർ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് എബിവിപിയും എൻഎസ്‌യുവും കാഴ്ചവച്ചത്. പല ഘട്ടങ്ങളിലും ലീഡ് നില മാറിമറിഞ്ഞിരുന്നു. ഒടുവിൽ 1000ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് എബിവിപിയുടെ സുശാന്ത് ധൻകറിനെ എൻഎസ്‌യു സ്ഥാനാർത്ഥി മറികടന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എബിവിപിയുടെ അപരാജിത, വൻ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അപരാജിത് നേടിയത്. ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച സച്ചിൻ ബൈസ്ലയും ഉയർന്ന ഭൂരിപക്ഷത്തിന് വിജയം സ്വന്തമാക്കി.
സർവകലാശാല യൂണിയന് പുറമേ വിവിധ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും വൻ മുന്നേറ്റമാണ് എബിവിപി കാഴ്ചവച്ചത്. ആകെയുള്ള 52ൽ 32 കോളേജുകളിലും എബിവിപി യൂണിയൻ ഭരണമുറപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ ബിൽ അടക്കമുള്ള നടപടികൾ വിദ്യാർത്ഥികൾക്കിടയിൽ എബിവിപിയോടുള്ള താത്പര്യം നിലനിർത്താൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കൂടാതെ എബിവിപി പുറത്തിറക്കിയ പ്രകടനപത്രികയിലെ നിലപാടുകളോടും മികച്ച പിന്തുണയാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, എസ്ഇ, എസ്ടി, ഒബിസി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് തുക ഉയർത്തൽ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. സർവകലാശാലയ്‌ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും വൺ കോഴ്‌സ്-വൺ ഫീ, പരമാവധി വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സൗകര്യമുള്ള കോളേജുകൾ, എല്ലാ കോളേജിലും ഗേൾസ് ഹോസ്റ്റൽ, ഗതാഗത സൗകര്യത്തിനായി യൂണിവേഴ്‌സിറ്റി പ്രത്യേക ബസുകൾ, കോളേജിലും ഹോസ്റ്റലുകളിലും സൗജന്യ വൈ-ഫൈ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയും ഇ-ലൈബ്രറിയും അടക്കമുള്ള ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് എബിവിപി വാഗ്ദാനം ചെയ്തിരുന്നു.
2019ലായിരുന്നു ഡൽഹി സർവകലാശാലയിൽ ഒടുവിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നത്. കൊറോണ മഹാമാരി മൂലം 2020ലും 2021ലും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. അക്കാദമിക് കലണ്ടറിൽ വന്ന തടസങ്ങൾ മൂലം 2022ലും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള നാല് സീറ്റുകളിൽ മൂന്നും എബിവിപി നേടിയിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വൻ ഭൂരിപക്ഷത്തിലാണ് ഇത്തവണ എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന തിരിഞ്ഞെടുപ്പിൽ ഏഴ് തവണയും പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത് എബിവിപി സ്ഥാനാർത്ഥികളാണ്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്‌ട്രീയത്തിൽ ഏറെ പ്രതിഫലനം ഉണ്ടാക്കിയിട്ടുള്ളതാണ് ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ് ഫലമെന്നതാണ് ചരിത്രം. സർവകലാശാലയിലെ ഫലം തന്നെയാകും ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.