തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സെവാഗിന് എതിരെയയിരുന്നു എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനെതിരെ ബോൾ ചെയ്യാൻ ഭയപ്പെട്ടതുപോലെ സച്ചിനെ താൻ ഭയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ.
‘800’ എന്ന് പേരിട്ടിരിക്കുന്ന തന്റെ ബയോപിക് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് സച്ചിനേക്കാൾ ഭയപ്പെട്ടിരുന്നത് സെവാഗിനെയാണെന്നും ഏറ്റവും അപകടകാരിയായ ബാറ്റർ സെവാഗ് ആണെന്നുമുള്ള വെളിപ്പെടുത്തൽ മുത്തയ്യ മുരളീധരൻ നടത്തിയത്.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വേട്ട നടത്തിയ താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് ക്ലബ്ബിലെത്തിയ ഏക ബൗളറും മുരളീധരനാണ്. 350 ഏകദിനങ്ങളിൽ നിന്നായി 534 വിക്കറ്റുകളും 133 ടെസ്റ്റുകളിൽ നിന്ന് 800 വിക്കറ്റുകളുമാണ് താരം നേടിയത്. 2010 ലാണ് മുരളീധരൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്.
‘ഓരോ തവണയും സെവാഗിനെ പുറത്താക്കുന്നത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. പുറത്താകുന്നത് അവൻ കാര്യമാക്കാറില്ല. ഫോമിലായിക്കഴിഞ്ഞാൽ വിക്കറ്റ് വീഴ്‌ത്താനും പാടാണ്. ഏത് രീതിയിലും കളിച്ച് റൺസ് നേടും, ഏറ്റവും അപകടകാരിയായ ബാറ്ററാണ് സെവാഗ്. സച്ചിനെതിരെ ബോൾ ചെയ്യുമ്പോൾ ഒരിക്കലും ഭയം തോന്നിയിട്ടില്ല. ലോകം ഉറ്റ് നോക്കിയിട്ടുളള സച്ചിൻ തെണ്ടുൽക്കറും, വിവ് റിച്ചാർഡ്‌സും’. മുരളീധരൻ പറഞ്ഞു.
അപ്രതീക്ഷിതമായ തിരിച്ചടികളുള്ള കായികമാണ് ക്രിക്കറ്റെന്നും, കളി മാറുന്നതനുസരിച്ച് ഒരു ദിവസം നിങ്ങൾ സൂപ്പർസ്റ്റാറും തൊട്ടടുത്ത ദിവസം നിങ്ങൾ ഒന്നുമല്ലാതെയുമായി മാറാനുള്ള സാഹചര്യങ്ങൾ ഏറെയാണെന്നും അഭിമുഖത്തിൽ മുരളീധരൻ വ്യക്തമാക്കി.