ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് വഴിയാകും ഉദ്ഘാടനം. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്കാണ് പുതുതായി വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കുക. കേരളത്തിനായുള്ള രണ്ടാം വന്ദേ ഭാരത് ട്രെയിനും പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും.
ആലപ്പുഴ വഴി കാസർകോട്- തിരുവനന്തപുരം റൂട്ടിലാണ് കേരളത്തിന്റെ രണ്ടാം വന്ദഭോരത് സർവ്വീസ് നടത്തുക. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികളാകും ഉദ്ഘാടന യാത്ര ചെയ്യുക.
രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡീഷ, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലാണ് വന്ദേ ഭാരത് എത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രധാന തീർത്ഥാടന- വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസുകൾ നടത്തുക. ഉദയ്പൂർ-ജയ്പൂർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ(റെനിഗുണ്ട), പട്‌ന-ഹൗറ, റൂർക്കേല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നിവയാണ് മറ്റ് കേരളത്തിന് പുറത്തുളള വന്ദേഭാരത് ട്രെയിനുകൾ.















