കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 12.30ന് ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു. ഒപ്പം മന്ത്രി വി അബ്ദുൾ റഹിമാനും രാജ് മോഹൻ ഉണ്ണിത്താൻ എം പിയും പങ്കെടുത്തിരുന്നു. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
അതിവേഗ ട്രെയിനിലൂടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തെ ജനങ്ങളെ തേടിയെത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന്റെ പുരോഗതിയെയാണ് തുറന്ന് കാട്ടുന്നത്. രാജ്യത്ത് വന്ദേഭാരത് ട്രെയിനുകളുടെ ജനപ്രീതി ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സർവ്വീസ് നടത്തുന്ന 25 ട്രെയിനുകൾക്ക് പുറമെയാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന 9 ട്രെയിനുകൾ. ഇത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപ്പിലാക്കിയത്. 11 കോടിയിലധികം ജനങ്ങളാണ് ഇതുവരെ വന്ദേഭാരതിൽ യാത്ര ചെയ്തതെന്നും ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കവെ പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞ ഒമ്പത് വർഷമായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ആധുനിക രീതിയിലുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണെന്ന് ഉദ്ഘാടന വേളയിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
02631 എന്ന ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള ആദ്യ യാത്രയിൽ വിദ്യാർത്ഥികളുൾപ്പെടെയുളള തിരഞ്ഞടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്യുന്നത്. ഫ്‌ളാഗ് ഓഫ് ദിനത്തിൽ കായംകുളം, പയ്യന്നൂർ, തലശ്ശേരി ഉൾപ്പെടെയുളള മൂന്ന് സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പുണ്ട്.