കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി കൃഷ്ണേന്ദുവിനും ഭർത്താവായ സിപിഎം നേതാവ് അനന്ദു ഉണ്ണിക്കും കോടികളുടെ ബാങ്കിടപാടുകളെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ തലയോലപ്പറമ്പിലെ ബാങ്ക് വഴി ഇരുവരുടെയും അക്കൗണ്ട് വഴി നടന്നത് മൂന്ന് കോടിയിലേറെ രൂപയുടെ ഇടപാടുകളാണ്. ഇരുവർക്കും ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതായും കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴി ഏകദേശം എട്ട് കോടിയോളം രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്.
തലയോലപ്പറമ്പിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽക്കേ ഇവിടുത്തെ ജീവനക്കാരിയാണ് കൃഷ്ണേന്ദു. 16,000 രൂപയാണ് അടിസ്ഥാന ശമ്പളം. ആനുകൂല്യങ്ങളടക്കം കൃഷ്ണേന്ദുവിന് 25,000 രൂപയോളം മാസ ശമ്പളം ലഭിക്കും. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവറാണ് അനന്ദു. ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്ത ഇരുവരുടെയും അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതിനെ കുറിച്ച് അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
കഴിഞ്ഞ ദിവസമാണ് കൃഷ്ണേന്ദുവിനും സഹപ്രവർത്തക ദേവീപ്രജിത്തിനും എതിരെ ധനകാര്യസ്ഥാപന ഉടമ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി കേടുവരുത്തിയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ തട്ടിപ്പ്. ഇടപാടുകാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽ നിന്നായി 42.72 ലക്ഷം രൂപയാണ് കൃഷ്ണേന്ദു തട്ടിയെടുത്തത്. കൃഷ്ണേന്ദു ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ സഹപ്രവർത്തകയുടെ അറിവോടെയായിരുന്നു പണം തട്ടിയതെന്നാണ് കണ്ടെത്തൽ.