വയനാട്: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമാണ് മിന്നു മണി. അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ഈ ഇന്ത്യൻ സംഘത്തിൽ മലയാളിയായ മിന്നു മണിയും ഉണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ടീമിലിടം നേടിയതോടെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ഖ്യാതിയും താരത്തിന് സ്വന്തം. പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാനായില്ലെങ്കിലും മിന്നുവിന്റെ ഇന്ത്യൻ ടീമിലെ സാന്നിദ്ധ്യം അഭിമാനകരമെന്ന് മാതാപിതാക്കൾ പറഞ്ഞു.
‘ഇന്ത്യൻ ടീമിൽ മകൾ അരങ്ങേറിയതിൽ സന്തോഷമുണ്ട്. അതിലും സന്തോഷമാണ് കന്നി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവൾ ടീമിലിടം പിടിച്ചിരുന്നു. എന്നാൽ മഴ മൂലം അന്ന് അവൾക്ക് കളിക്കാനായില്ല. മിന്നു ഏഷ്യൻ ഗെയിംസിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്. കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ടീമിലിടം പിടിച്ചത്തിൽ സന്തോഷമുണ്ട്. മെഡൽ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാം’.- ഇന്ത്യൻ ടീമിന്റെ വിജയത്തിന് ശേഷം മിന്നുവിന്റെ മാതാപിതാക്കൾ ജനം ടിവിയോട് പ്രതികരിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ മഴ മൂലം ഉപേക്ഷിച്ച ഇന്ത്യ- മലേഷ്യ മത്സരത്തിൽ ബൗളിംഗിലോ ബാറ്റിംഗിലോ അവസരം ലഭിച്ചില്ലെങ്കിലും സങ്കടമില്ലെന്നും ടീ ജയിച്ചതിൽ സന്തോഷമുണ്ടെന്നും, ഇന്ത്യക്ക് വേണ്ടി അരങ്ങേറിയതിനെക്കാളും അധികം സന്തോഷമാണെന്നും അന്ന് മിന്നു മണി പറഞ്ഞിരുന്നു.