ഹാങ്‌ചോ: മകൻ ഓൺലൈൻ ഗെയിമിൽ സമയം അധിക ചെലവഴിക്കുന്നു. പബ്ജി ഗെയിമിന് അടിമയായതോടെയാണ് ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രി ജീവനക്കാരനായ അശോക് പൻവാർ മകൻ ദിവ്യാൻഷ് പൻവാറിനെ ഷൂട്ടിംഗ് പഠിക്കാനായി ചേർത്തത്. ഷൂട്ടിംഗ് കമ്പം പിന്നീട് രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ ദിവ്യാൻഷ് സ്വർണവും നേടി. 19-ാമത് ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് സ്വർണം സമ്മാനിച്ചത് ദിവ്യാൻഷ് അടങ്ങിയ ഷൂട്ടിംഗ് സംഘമായിരുന്നു. 1893.7 പോയിന്റുകൾ നേടിയാണ് പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസിൽ രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് പൻവാർ സഖ്യം ലോക റെക്കോഡോടെ സ്വർണം നേടിയത്.
2002 ഒക്ടോബർ 19ന് അശോക് പൻവാറിന്റെയും നഴ്‌സായ നിർമല ദേവിയുടെയും മകനായായിട്ടായിരുന്നു ദിവ്യാൻഷിന്റെ ജനനം. 2014ൽ 12ാം വയസ്സിൽ മൂത്ത സഹോദരി അഞ്ജലിയുടെ റൈഫിളുമായി ജയ്പൂരിലെ ഷൂട്ടിംഗ്് റേഞ്ചിലെത്തിയ ദിവ്യാൻഷ് പിന്നീട് ‘പബ്ജി’ ഗെയിമിൽ ആകൃഷ്ടനായി. മകനെ അതിൽനിന്ന് മോചിപ്പിക്കാൻ 2017ൽ പിതാവ് ന്യൂഡൽഹിയിലെ ഡോ. കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ ചേർക്കുകയായിരുന്നു. ദീപക് കുമാർ ദുബെയുടെ ശിക്ഷണത്തിലാണ് അവൻ ട്രിഗർ വലിച്ച് തുടങ്ങിയത്.
2018ൽ നടന്ന ഐ.എസ്.എസ്.എഫ് ജൂനിയർ ലോകകപ്പിൽ ടീം ഇനത്തിലടക്കം റെക്കോഡോടെ രണ്ട് സ്വർണം നേടിയാണ് ദിവ്യാൻഷ് വരവറിയിച്ചത്. അതേവർഷം ഐ.എസ്.എസ്.എഫ് ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിൾസിൽ വെങ്കലവും 2019ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണവും ഇതേ ഇനത്തിൽ ബെയ്ജിംഗിൽ വെള്ളിയും നേടി. ഇതിലൂടെ 2020ലെ ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തിരുന്നു. 2019ൽ നടന്ന വിവിധ ലോക ചാമ്പ്യൻഷിപ്പുകളിൽ 10 മീറ്റർ എയർ റൈഫിൾസ് മിക്‌സഡ് ഇനത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കിയിരുന്നു.















