ശ്രീനഗർ ; ജമ്മു കശ്മീരിലെ ലിഥിയം ശേഖരം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ലേലം ചെയ്യാൻ തീരുമാനം. കശ്മീരിൽ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപമുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത്. ലോകത്തു തന്നെ ഏറ്റവുമധികം ലിഥിയം കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യ. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററി നിർമാണത്തിൽ ഇതോടെ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്
“ലേലം ഉടൻ നടക്കും, ചില വിദേശ ഖനിക്കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചു,” സർക്കാർ വൃത്തങ്ങൾ പറയുന്നു. ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാകും ലേലം . KABIL, ഇന്ത്യയിൽ ഉപയോഗിക്കുന്നതിനായി വിദേശത്തുള്ള തന്ത്രപ്രധാനമായ ധാതുക്കളെ തിരിച്ചറിയുന്നതിനും ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി 2019 ഓഗസ്റ്റിലാണ് രൂപീകരിച്ചത്.
കശ്മീരിലെ റിയാസി ജില്ലയിൽ സലാൽ- ഹയ്മന മലനിരകൾക്കടുത്താണ് ലിഥിയത്തിന്റെ വൻ നിക്ഷേപം . രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തികമായും വൻ നേട്ടങ്ങൾക്ക് ലിഥിയം നിക്ഷേപം ഇന്ത്യയ്‌ക്കു സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഖനനത്തിനും സംസ്കരണത്തിനും കുറഞ്ഞത് 10 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററികൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരേണ്ടി വരുമെങ്കിലും ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കശ്മീരിലെ കണ്ടെത്തൽ ഇന്ത്യയ്‌ക്കു പ്രയോജനപ്പെടും.