ഹാങ്‌ചോ: സുവർണ്ണ പ്രതീക്ഷയിൽ ഗോൾ വേട്ട തുടർന്ന് ഇന്ത്യൻ ഹോക്കി ടീം. പുരുഷ വിഭാഗം ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. നായകൻ ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ് മത്സരത്തിലെ താരങ്ങൾ.
ഹർമൻപ്രീത് സിംഗ് (24,39,40,42) നാല് ഗോളുകളും മൻദീപ് സിംഗ് (12,30,51) മൂന്ന് ഗോളുകൾ നേടിയും മത്സരത്തിൽ തിളങ്ങി. അഭിഷേക് (51,52), വരുൺകുമാർ (55,56), ലളിത് ഉപാദ്ധ്യേ (16), വിവേക് സാഗർ പ്രസാദ്(23), ഗുർജന്ദ് സിംഗ്(22), ഷംഷേർ സിംഗ്(38), മൻപ്രീത് സിംഗ്(37), എന്നിവരും സ്‌കോർ പട്ടികയിൽ സ്ഥാനം പിടിച്ചു. സിംഗപ്പൂരിന് വേണ്ടി മുഹമ്മദ് ഒരു ഗോളും നേടി. 28ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
12-ാം മിനിറ്റിൽ മൻപ്രീതിലൂടെയായിരുന്നു ഇന്ത്യ ഗോൾവേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. 6-0ത്തിന് ആദ്യ പകുതിയിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. അവസാനത്തെ 2 ക്വാർട്ടറുകളിൽ ഇന്ത്യ നേടിയത് 10 ഗോളുകളാണ്. ഇന്ത്യയ്‌ക്കായി പി.ആർ.ശ്രീജേഷ് ഗോൾവല കാത്തു. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇതോടെ ഇന്ത്യയുടെ ഗോൾ നേട്ടം 32 ആയി. ലോക മൂന്നാം നമ്പർ ടീമായ ഇന്ത്യ ആദ്യ പൂൾ മത്സരത്തിൽ, 66ാം സ്ഥാനക്കാരായ ഉസ്‌ബെക്കിസ്ഥാനെ 16-0ന് തകർത്തിരുന്നു.