സോൾ: നാല് വർഷത്തിന് ശേഷം വിദേശികൾക്ക് പ്രവേശനാനുമതി നൽകി ഉത്തര കൊറിയ. തിങ്കളാഴ്ച മുതൽ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കിം ജോങ് ഉൻ
പ്രഖ്യാപിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ടിവി റിപ്പോർട്ട് ചെയ്തു. സന്ദർശകർ രണ്ട് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2020ന്റെ തുടക്കത്തിൽ കൊറോണ മഹാമാരിയെ തുടർന്നാണ് വിദേശികൾക്ക് ഉത്തര കൊറിയയിൽ പ്രവേശനം നിഷേധിച്ചത്. എന്നാൽ പിന്നീട് അത് പുനസ്ഥാപിക്കാൻ കീം ഭരണകൂടം തയ്യാറായില്ല. എന്നാൽ ഈ നീക്കത്തെക്കുറിച്ച് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചിട്ടില്ല.
ജൂലൈയിൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. അതുപോലെ ആഗസ്റ്റിൽ നയതന്ത്രജ്ഞരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും തിരികെകൊണ്ടു വരാൻ ബെയ്ജിംഗിലേക്കും റഷ്യയിലേക്കും വാണിജ്യ വിമാനങ്ങൾ അയച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ ഇളവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഉത്തരകൊറിയയുടെ വിദേശ കറൻസിയുടെ പ്രധാന സ്രോതസ്സായിരുന്നു. അന്തരാഷ്‌ട്ര ബാങ്കിംഗ് ഇടപാടിൽ നിന്ന് രാജ്യം പുറത്തായതൊടെ വിദേശ ഇടപാടുകൾ നടത്താൻ ടൂറിസം വഴി ലഭിക്കുന്ന വിദേശകറൻസിയെയാണ് ഇവർ ആശ്രയിച്ചിരുന്നത്.
അതിർത്തികൾ ദീർഘകാലം അടച്ചിടാനുള്ള കിമ്മിന്റെ തീരുമാനം മൂലം സാമ്പത്തിക രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടായത്.
സിയോളിലെ ബാങ്ക് ഓഫ് കൊറിയയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഒരു ദശാബ്ദം മുമ്പ് കിം അധികാരമേറ്റ സമയത്തേക്കാൾ ശോഷിച്ച സ്ഥിതിയിലാണ് ഉത്തര കൊറിയൻ സമ്പദ്‌വ്യവസ്ഥ.















