നടൻ പ്രഭാസിന്റെ വിവാദ പ്രതിമയിൽ നിയമനടപടിയുമായി ബാഹുബലി നിർമ്മാതാവ്. പ്രഭാസിന്റെ ബാഹുബലി ഗെറ്റപ്പിലൊരുക്കിയ പ്രതിമയാണ് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. മെഴുക് പ്രതിമയിൽ വേഷവിധാനങ്ങൾ മാത്രമാണ് പ്രഭാസെന്ന് തോന്നിപ്പിക്കുന്നത്. മെഴുക് പ്രതിമയ്‌ക്ക് പ്രഭാസുമായി യാതൊരു സാമ്യവും ഇല്ലെന്ന് താരത്തിന്റെ ആരാധകരും വിമർശിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വിമര്‍ശനവും പരിഹാസവും വർദ്ധിച്ചതോടെയാണ് നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ തന്നെ രംഗത്തെത്തിയത്.
കോപ്പിറൈറ്റ് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ചെയ്തിരിക്കുന്ന ഒരു വര്‍ക്ക് ആണിത്. ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്തുനിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഷോബു യര്‍ലഗഡ്ഡ സമൂഹമാദ്ധ്യത്തിൽ കുറിച്ചത്.
ബാഹുബലി ഫ്രാഞ്ചൈസിയിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണ്. തങ്ങളുടെ അനുമതി കൂടാതെ ഈ ഘടകങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിര്‍മ്മാതാവിന് നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.