പട്‌ന: ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ജെഡിയുവിന് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ഗജ്ജ്, സിവാൻ, ഭാഗൽപൂർ ബാൻഗ എന്നീ മണ്ഡലങ്ങളിൽ ആർജെഡി അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ളവർ കാലാകാലങ്ങളായി മത്സരിച്ചിരുന്ന സീറ്റുകളാണിത്. അതിനാൽ ഈ സീറ്റുകൾ തങ്ങൾക്കുതന്നെ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആർജെഡി.
2019 ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കൊപ്പം മത്സരിച്ച ജെഡിയു 16 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിച്ച ആർജെഡിയ്‌ക്ക് സീറ്റുകൾ ഒന്നും തന്നെ നേടാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിൽ കൂടുതൽ സീറ്റുകൾ ആർജെഡി ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ജെഡിയു നിലപാട്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച ജെഡിയുവിന് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് അന്ന് നേടാൻ സാധിച്ചത്. എൻഡിഎ സഖ്യത്തിന് 31 സീറ്റുകളും ലഭിച്ചു. കോൺഗ്രസ് ആർജെഡി സഖ്യത്തിന് കേവലം ഏഴ് സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
നിതീഷ് കുമാർ ലാലുപ്രസാദ് യാദവിനൊപ്പം നിൽക്കുന്നതിൽ പാർട്ടിയിൽ അതൃപ്തി രൂക്ഷമാണ്. പാർട്ടി പിളരുന്നു എന്ന അഭ്യൂഹങ്ങൾ വരെ ഇടയ്‌ക്ക് ശക്തമായിരുന്നു. ജനപ്രതിനിധികളെയും നേതാക്കളെയും വിളിച്ചുവരുത്തി പ്രത്യേകം കണ്ടാണ് നിതീഷ് പ്രതിസന്ധിയ്‌ക്ക് താത്കാലിക വിരാമമിട്ടത്.















