പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ മകൻ ജൂബിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജൂബിനെ വിശദമായി ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്‌ക്കും ശേഷം കോടതിയിൽ ഹാജരാക്കും. ജൂബിൻ ആക്രമണം നടത്തിയത് മദ്യലഹരിയിലാണെന്നും ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും പോലീസ് വ്യക്തമാക്കി.
വെട്ടിപ്പുറം സ്വദേശികളായ ജോസഫ്, ഓമന ജോസഫ് എന്നിവർ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനാണ് മകൻ തീയിട്ടത്. മദ്യപിച്ചെത്തിയ ജൂബിൻ ജോസഫ് കുടുംബവഴക്കിനെ തുടർന്ന് ഫ്‌ളാറ്റ് സമുച്ചയത്തിന് തീയിടുകയായിരുന്നു. ജൂബിന്റെ നിരന്തരമായുള്ള ശല്യം സഹിക്കാൻ കഴിയാതെ പിതാവ് ജൂബിനെതിരെ പത്തനംതിട്ട പോലീസിൽ പരാതി നൽകുവാൻ പോയ സമയമായിരുന്നു അക്രമണം. 80 കാരിയായ മാതാവ് ഓമന ജോസഫിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. തീപിടുത്തത്തിൽ ഫ്‌ളാറ്റിനകത്തെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.
തീയിട്ടതിനുശേഷം ജൂബിൻ പ്രദേശത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ തീ അണയ്‌ക്കാൻ ശ്രമിച്ചവരെ ജൂബിൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന ജൂബിൻ വീട്ടിൽ എത്തുമ്പോഴെല്ലാം മാതാപിതാക്കളുമായി പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് അയൽ വാസികൾ പോലീസിന് മൊഴി നൽകി. ഓമല്ലൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നിരവധി ആളുകളാണ് താമസിക്കുന്നത്. കൃത്യസമയത്ത് ഫയർഫോഴ്‌സ് എത്തിയതുകൊണ്ട് വൻ അപകടം ഒഴിവായി.















