മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടൊവിനോ തോമസിന് ലഭിച്ച സന്തോഷത്തിലാണ് മലയാള സിനിമാ ലോകം. മഹാപ്രളയത്തെ കേരളം അതിജീവിച്ച കഥ പറയുന്ന 2018 എന്ന സിനിമയിലെ അഭിനയത്തിനാണ് ടൊവിനോയെ തേടി പുരസ്കാരം എത്തിയിരിക്കുന്നത്. മലയാള സിനിമയ്‌ക്ക് തന്നെ അഭിമാന മുഹൂർത്തം ലഭിച്ച സന്തോഷത്തിൽ താരത്തെ അഭിനന്ദിക്കുന്ന തിരക്കിലാണ് സഹപ്രവർത്തകർ. ഈ കൂട്ടത്തിൽ നടൻ രമേഷ് പിഷാരടിയുടെ അഭിന്ദന വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ടൊവിനോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയാണ് രമേഷ് പിഷാരടിയുടെ കമന്റ്. ‘നല്ല ആണത്തമുള്ള ശില്പം’, അഭിനന്ദനങ്ങൾ എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചിരുന്നത്. നല്ലൊരു ആൺപ്രതിമ നൽകി ആദരിക്കണമെന്നായിരുന്നു അലൻസിയർ പറഞ്ഞത്. നടന്റെ ഈ പ്രസ്താവന ഇപ്പോഴും ട്രോളുകളിൽ നിറയുമ്പോഴാണ് ടൊവിനോയെ തേടി ഒരു ആൺപ്രതിമ എത്തിയിരിക്കുന്നത്.
ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേഷ് പിഷാരടിയുടെ കമന്റ് കൂടി ആയപ്പോൾ അലൻസിയർ വീണ്ടും ട്രോളുകളിൽ ഇടം പിടിക്കുകയാണ്. പിഷാരടിയുടെ കമന്റിന് വലിയ തരത്തിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ‘കൊള്ളേണ്ടവർക്ക് കൊള്ളും, എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാൻ തോന്നുന്നുണ്ടോ’ എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രോൾ പേജുകളിലടക്കം പിഷാരടിയുടെ കമന്റാണ് വൈറലാണ്.