ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് തന്നെ ഭക്തർക്കായി തുറക്കുമെന്ന് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ക്ഷേത്രം തുറക്കുന്നത് സംമ്പന്ധിച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് നൃപേന്ദ്ര മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രാണ പ്രതിഷ്ഠ ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനുവരി 26-ന് മുമ്പ് തന്നെ ഭക്തർക്ക് ശ്രീരാമന്റെ ദർശനം ലഭിക്കും. എന്നാൽ കൃത്യമായ തീയതി പറയാൻ സാധിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന തീയതിയെ ആശ്രയിച്ചായിരിക്കും പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ അഞ്ച് മണ്ഡപങ്ങളാണുള്ളത്. ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കാരമായി. അയോദ്ധ്യ രാമക്ഷേത്രം ഒരു യാഥാർത്ഥ്യമാണ്’ അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുന്നത്. 2.6 ഏക്കർ ഭൂമിയുള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയാണ് നിർമ്മാണത്തിന്റെ ആദ്യഘട്ടം. ശ്രീകോവിൽ മുതൽ ആരംഭിക്കുന്ന അഞ്ച് മണ്ഡപങ്ങളാണ് ആദ്യത്തെ നിലയിലുള്ളത്. അവിടെയാണ് ദേവനെ പ്രതിഷ്ഠിക്കുക. 160 തൂണുകളാണ് ആദ്യ നിലയിലുള്ളത്. ഓരോ തൂണിലും വ്യത്യസ്ത രൂപത്തിലുള്ള 25 ശിൽപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്.















